
തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ പാർട്ടിക്കുള്ളിൽ നിന്നും വിമത വെല്ലുവിളിയുയർന്നതോടെ സി.പി.എം ‘രക്ഷാപ്രവർത്തന’ത്തിന്. ഉള്ളൂർ ലോക്കൽ കമ്മിറ്റി അംഗവും ദേശാഭിമാനിയുടെ മുൻ തിരുവനന്തപുരം ബ്യൂറോ ചീഫുമായ കെ. ശ്രീകണ്ഠനെയാണ് വിമത സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചതിൻ്റെ പേരിൽ സി.പി.എം അടിയന്തരമായി പുറത്താക്കിയത്. എന്നാൽ, മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷമായ വിമർശനം ശ്രീകണ്ഠൻ ഉന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ തിടുക്കത്തിലുള്ള നടപടിയെന്നത് സി.പി.എമ്മിലെ പടലപ്പിണക്കം രൂക്ഷമാകുന്നതിൻ്റെ സൂചനയാണ്.
പാര്‍ട്ടി നേതൃത്വത്തിന്റെ ഏകാധിപത്യപരമായ സമീപനമാണ് വിമത നീക്കത്തിന് കാരണമെന്ന് ശ്രീകണ്ഠന്‍ തുറന്നടിച്ചു. ഏത് വെല്ലുവിളിയുണ്ടായാലും താന്‍ ഉള്ളൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. കേവലം ഉള്ളൂരില്‍ മാത്രമല്ല, തലസ്ഥാന നഗരിയില്‍ സി.പി.എം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കോര്‍പ്പറേഷനില്‍ അധികാരം നിലനിര്‍ത്താന്‍ ലക്ഷ്യമിടുന്ന എല്‍.ഡി.എഫിന് ചെമ്പഴന്തി, വാഴോട്ടുകോണം വാര്‍ഡുകളില്‍ നിന്നുള്ള വിമത നീക്കം ഇരുട്ടടിയായി.
സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമായ ആനി അശോകനാണ് ഇവിടെ വിമത സ്ഥാനാര്‍ത്ഥിയായി രംഗത്ത് വരുന്നത്. മുന്‍ ബ്രാഞ്ച് സെക്രട്ടറി കെ.വി. മോഹനനും വിമത സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു. സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടി നേതൃത്വത്തിനെതിരെ പ്രതിഷേധിച്ചാണ് ഈ പ്രാദേശിക നേതാക്കള്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുന്നത്. തിരുവനന്തപുരത്ത് നിരവധി പാര്‍ട്ടി പ്രവര്‍ത്തകരാണ് സി.പി.എമ്മിന് വെല്ലുവിളിയായി വിമതരായി മത്സരിക്കുന്നത്. സി.പി.എം നേതൃത്വത്തിന്റെ അപ്രമാദിത്തം ചോദ്യം ചെയ്തുള്ള ഈ കൂട്ട വിമത നീക്കം എല്‍.ഡി.എഫിന്റെ വിജയ സാധ്യതകളെ ഗുരുതരമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.