N.K PREMACHANDRAN| ‘കടയ്ക്കലില്‍ നടന്നത് സിപിഎം ഭീകരാക്രമണം’- എന്‍ കെ പ്രേമചന്ദ്രന്‍ എംപി

Jaihind News Bureau
Friday, August 22, 2025

കടയ്ക്കലില്‍ നടന്നത് സിപിഎം ഭീകര ആക്രമണമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എംപി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസിന്റെ കണ്‍മുന്നിലാണ് കേണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ അക്രമം നടന്നത്. കേരളത്തിലുള്ള ക്രമസമാധാന ചുമതലയുടെ തകര്‍ച്ചയാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എംപി പറഞ്ഞു. കൊല്ലം കടയ്ക്കല്‍ സിപിഎം അക്രമണത്തില്‍ തകര്‍ന്ന കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസും കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അന്‍സറിന്റെ ബേക്കറിയും സന്ദര്‍ശിക്കുകയായിരുന്നു എം.പി.

ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത് ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി പ്രതിഷേധിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അവകാശങ്ങളെ ചോദ്യം ചെയ്തു കൊണ്ട് സംഘടിതമായ ശക്തിയുപയോഗിച്ചു കൊണ്ട് അലങ്കോലപ്പെടുത്തുകയും സംഘര്‍മുണ്ടാക്കുകയുമാണ് സിപിഎം ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎം ഏരിയാ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമീപ കാലത്ത് കണ്ടിട്ടില്ലാത്ത വിധത്തിലുള്ള രാഷ്ട്രീയ സംഘര്‍ഷത്തിനും ഏകപക്ഷീയമായ കടന്നാക്രമണത്തിന്റെയും നേര്‍സാക്ഷ്യമാണ് കടയ്ക്കലില്‍ നടന്നത്. ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം കടക്കാമെന്നുള്ളതിന്റെ തെളിവാണ് കടയ്ക്കല്‍ പട്ടണത്തില്‍ സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.