കൊവിഡ് നിരീക്ഷണത്തിലിരുന്ന വിദ്യാര്‍ത്ഥിനിയുടെ വീടാക്രമിച്ച സംഭവത്തില്‍ മുഖം രക്ഷിക്കല്‍ നടപടിയുമായി സി.പി.എം; ആറ് പ്രവര്‍ത്തകരെ പുറത്താക്കി

Jaihind News Bureau
Thursday, April 9, 2020

 

പത്തനംതിട്ട : നിരീക്ഷണത്തിലിരുന്ന വിദ്യാർത്ഥിനിയുടെ വീടാക്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ മുഖംരക്ഷിക്കല്‍ നടപടിയുമായി സി.പി.എം. വിവാദമായതോടെ സംഭവത്തില്‍ അറസ്റ്റിലായ ആറ് സി.പി.എം പ്രവർത്തകരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ സഹോദരൻ ഉൾപ്പെടെയുള്ളവരെയാണ് പുറത്താക്കിയത്. നേരത്തെ ഇവരെ സംരക്ഷിക്കാൻ സി.പി.എം ശ്രമിച്ചതിൽ പ്രതിഷേധം വ്യാപകമായതിനെ തുടർന്നാണ് മുഖം രക്ഷിക്കല്‍ നടപടി.

പത്തനംതിട്ട തണ്ണിത്തോട്ടിൽ കൊറോണ നിരീക്ഷണത്തിലായിരുന്ന പെൺകുട്ടിയുടെ വീടാക്രമിച്ച സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകരെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചിരുന്നത്. ആദ്യം പിടിയാലായ മൂന്ന് പേരെ സ്റ്റേഷൻ ജാമ്യത്തിൽ വിടാനായി പാർട്ടി സമ്മർദ്ദം ചെലുത്തിയിരുന്നു. ഇതിൽ പാർട്ടിക്കുള്ളിൽ തന്നെ പ്രതിഷേധം വ്യാപകമായതിനെ തുടർന്നാണ് വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത്. വിദ്യാര്‍ത്ഥിനിക്കും വീട്ടുകാര്‍ക്കുമെതിരെ നേരത്തെ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടന്നിരുന്നു. പെണ്‍കുട്ടിയുടെ അച്ഛനെതിരെ വധഭീഷണിയും ഉണ്ടായി. പിന്നാലെ ജീവന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു. ഇതിന് പ്രതികാരമായാണ് പെണ്‍കുട്ടിയുടെ വീടാക്രമിച്ചതെന്നാണ് വിവരം.

പ്രദേശത്തെ സ്ഥിരം പ്രശ്നക്കാരായ സി.പി.എമ്മുകാരെ പാർട്ടി സംരക്ഷിക്കുന്നതിൽ നാട്ടുകാരും പ്രതിഷേധത്തിലായിരുന്നു. ഒരു വിഭാഗം പാർട്ടി നേതാക്കൾ പ്രതികളെ സംരക്ഷിക്കുന്നു എന്നതിൽ പാർട്ടിക്കുള്ളിലും പ്രതിഷേധം പുകഞ്ഞിരുന്നു. തുടർന്ന് ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റിയിൽ വലിയ വാഗ്വാദങ്ങൾക്ക് ശേഷമാണ് മുഖം രക്ഷിക്കാനായി സി.പി.എം പ്രതികളെ പുറത്താക്കിയിരിക്കുന്നത്.