പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച് ഡിവൈഎഫ്ഐ പ്രവർത്തകന്‍ ; പരാതിപ്പെട്ട കുടുംബത്തിന് പാർട്ടിയുടെ ഊരുവിലക്ക്

Jaihind Webdesk
Friday, September 3, 2021

തൃശൂർ : പീഡന പരാതി നല്‍കിയ പട്ടികജാതി കുടുംബത്തിന് നേരെ സിപിഎമ്മിന്‍റെ പ്രാകൃത നടപടി. പത്ത് വയസുകാരിയായ മകളെ പീഡിപ്പിച്ച ഡിവൈഎഫ്ഐ പ്രവർത്തകനെതിരെ പരാതി നൽകിയതില്‍ പട്ടികജാതി കുടുംബത്തിന് സിപിഎം ഊരുവിലക്ക് കല്‍പ്പിച്ചു. തൃശൂർ കാട്ടൂരിലാണ് സംഭവം. കുടുംബത്തെ ഒറ്റപ്പെടുത്തുക മാത്രമല്ല, അപകീർത്തിപ്പെടുത്തിയെന്നും പരാതിയുണ്ട്. സിപിഎം ലോക്കൽകമ്മിറ്റി അംഗത്തിന്‍റെ നേതൃത്വത്തിൽ പരാതിക്കാരന്‍റെ കുടുംബത്തിനെതിരെ പാർട്ടി ഒപ്പുശേഖരണം വരെ നടത്തി അപമാനിക്കുകയായിരുന്നു.

മകളെ പീഡിപ്പിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ സായൂജ് കാട്ടൂരിന് എതിരെയായിരുന്നു സിപിഎം അനുഭാവിയായ പെൺകുട്ടിയുടെ അച്ഛൻ പരാതി നൽകിയത്. കഴിഞ്ഞ വർഷം ജൂണിലാണ് സംഭവം നടക്കുന്നത്. പരാതി നൽകിയതോടെ സായൂജ് അറസ്റ്റിലായിരുന്നു. ഇപ്പോൾ ജില്ലാ ജയിലിൽ റിമാൻഡിലാണ്. സായൂജിനെതിരെ പരാതിപ്പെട്ട ശേഷം നാട്ടിൽ തന്‍റെ കുടുംബത്തെ ഒറ്റപ്പെടുത്താനാണ് സിപിഎം ശ്രമിക്കുന്നതെന്നാണ് കുടുംബത്തിന്‍റെ പരാതി. കള്ളക്കേസിൽ ഡിവ.എഫ്ഐക്കാരനെ പെൺകുട്ടിയുടെ കുടുംബം കുടുക്കിയെന്നാണ് സിപിഎം നടത്തുന്ന പ്രചാരണം.

തൊട്ടടുത്ത വീട്ടിലാണ് പ്രതിയുടെ താമസം. മകളെ പീഡിപ്പിച്ച സംഭവംതന്നെ മനസിനെ തളർത്തിയെന്നും അത് കൂടാതെ പാർട്ടിക്കാരുടെ മാനസികപീഡനവും താങ്ങാനാകാതെ നാട് വിടാനാണ് കുടുംബത്തിന്‍റെ തീരുമാനം.