
തലസ്ഥാനത്ത് ഘടകകക്ഷികളുടെ രണ്ട് സീറ്റുകള്‍ ഏറ്റെടുക്കാന്‍ നീക്കം ശക്തമാക്കി സിപിഎം. ആന്റണി രാജുവിന്റെ ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ നിന്നും തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റും ജനതാദള്‍ മത്സരിച്ച കോവളം സീറ്റും ഏറ്റെടുക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റില്‍ ശക്തമായ ആവശ്യമുയര്‍ന്നു. ജില്ലയില്‍ നിന്നുള്ള 10 എംഎല്‍എമാരും വീണ്ടും മത്സരിക്കണമെന്ന ആവശ്യവും ജില്ല സെക്രട്ടറിയേറ്റ് മുന്നോട്ട് വച്ചു. എന്നാല്‍ ജില്ലാ സെക്രട്ടറി വി.ജോയ് മത്സരിക്കുന്നതില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. സ്വര്‍ണ്ണക്കൊള്ളയില്‍ സംശയ നിഴലിലുള്ള കടകംപള്ളി സുരേന്ദ്രന് മത്സരിക്കുന്നതിലും അനിശ്ചിതത്വവും തര്‍ക്കവും തുടരുകയാണ് .
ആന്റണി രാജുവിന്റെ ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ നിന്നും തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റും ജനതാദള്‍ മത്സരിച്ച കോവളം സീറ്റും ഏറ്റെടുക്കണമെന്ന ശക്തമായ ആവശ്യമാണ് ഇന്നു ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നത്. തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു അയോഗ്യനായ സാഹചര്യത്തിലാണ് സീറ്റ് തിരിച്ചെടുക്കാന്‍ സിപിഎം കരുക്കള്‍ നീക്കുന്നത്. എന്നാല്‍ കോടതി വിധിക്കെതിരെ നിയമ പോരാട്ടം തുടരുന്ന ആന്റണി രാജു തനിക്ക് മത്സരിക്കാനായില്ലെങ്കില്‍ മണ്ഡലത്തില്‍ പൊതു സ്വതന്ത്രനെ നിര്‍ത്തണമെന്ന ആവശ്യമാണ് മുന്നോട്ട് വെച്ചിട്ടുള്ളത്. ആന്റണി രാജുവില്‍ നിന്ന് സീറ്റ് ഏറ്റെടുത്ത് സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന ആവശ്യമാണ് എം വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ഇന്ന് ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നത്. ഇതോടൊപ്പം ജനതാദള്‍ മത്സരിച്ച കോവളം സീറ്റും ഏറ്റെടുക്കണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നു. ജില്ലാ സെക്രട്ടറിയേറ്റിന്റെ ആവശ്യം സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും ചര്‍ച്ച ചെയ്യും. ജില്ലയില്‍ നിന്നുള്ള 10 എംഎല്‍എമാരെ വീണ്ടും മത്സരിപ്പിക്കണമെന്ന നിര്‍ദേശവും ജില്ലാ സെക്രട്ടറിയേറ്റ് മുന്നോട്ടുവച്ചു. എന്നാല്‍ ജില്ലാ സെക്രട്ടറി വി.ജോയ് മത്സരിക്കുന്നതില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. വി.ജോയ് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറി നിന്നുകൊണ്ട് വര്‍ക്കലയില്‍ മത്സരിക്കണമെന്ന നിര്‍ദ്ദേശമാണ് ജില്ലാ സെക്രട്ടറിയേറ്റ് മുന്നോട്ട് വച്ചിരിക്കുന്നത്.
സ്വര്‍ണ്ണക്കൊള്ളയില്‍ സംശയ നിഴലിലുള്ള കടകംപള്ളി സുരേന്ദ്രന് മത്സരിക്കുന്നതിലും അനിശ്ചിതത്വവും തര്‍ക്കവും തുടരുകയാണ് .കടകംപള്ളി സുരേന്ദ്രന് വീണ്ടും മത്സരിക്കുന്നത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് സിപിഎമ്മിലെ വലിയൊരു വിഭാഗത്തിന് ഉള്ളത്.
ഏതായാലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സംസ്ഥാന നേതൃത്വത്തിന്റേതാകും. രണ്ട് ടൈം വ്യവസ്ഥയില്‍ സംസ്ഥാന നേതൃത്വം ഇളവ് പ്രഖ്യാപിച്ച് മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് എംഎല്‍എമാരെ വീണ്ടും മത്സരിപ്പിക്കുവാന്‍ ജില്ലാ നേതൃത്വം തീരുമാനമെടുത്തത്. തങ്ങളുടെ സീറ്റുകള്‍ തിരിച്ചെടുക്കുവാനുള്ള സിപിഎം നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ശക്തമായ വിയോജിപ്പുമായി ഘടകകക്ഷികള്‍ രംഗത്തെത്തുമെന്ന് ഉറപ്പാണ്. വരും ദിവസങ്ങളില്‍ ഇടതുമുന്നണിയില്‍ വലിയ ചേരിതിരിവിന് ഇത് ഇടയാക്കും.