കീഴടങ്ങി സിപിഎം; രാജ്യസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസും സിപിഐയും മത്സരിക്കും

Jaihind Webdesk
Monday, June 10, 2024

 

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് രാജ്യസഭാംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ വിട്ടുവീഴ്ച ചെയ്ത് സിപിഎം. സിപിഎമ്മിന്‍റെ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് എമ്മിന് വിട്ടുനൽകിക്കൊണ്ടാണ് വിട്ടുവീഴ്ച ചെയ്തത്.  ഒഴിവുള്ള മൂന്ന് സീറ്റിൽ മുന്നണിക്ക് ഉറപ്പുള്ളത് രണ്ട് സീറ്റാണ്. അതിൽ ഒന്നിലാണ് കേരള കോൺഗ്രസ് എം മത്സരിക്കുക. അവശേഷിക്കുന്ന സീറ്റിൽ സിപിഐ സ്ഥാനാര്‍ത്ഥി മത്സരിക്കും. ഇരു പാർട്ടികളും നിലപാടിൽ ഉറച്ചു നിന്നതോടെയാണ് തീരുമാനം. ജോസ് കെ. മാണിയാണ് കേരള കോൺഗ്രസ് എമ്മിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുക. പി.പി. സുനീറാണ് സിപിഐയുടെ രാജ്യസഭ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയമാണ് സിപിഎമ്മിനെ വിട്ടുവീഴ്ചയ്ക്ക് പ്രേരിപ്പിച്ചത്. അതേസമയം സീറ്റ് കിട്ടാത്തതിൽ ആർജെഡി കടുത്ത പ്രതിഷേധത്തിലാണ്. സിപിഐയ്ക്കും കേരള കോൺഗ്രസ് എമ്മിനും സീറ്റ് നൽകുവാൻ തീരുമാനിച്ചെന്നും മുന്നണിയുടെ ഐക്യത്തിന് ഉതകുന്ന തീരുമാനമാണ് എടുത്തതെന്നും ഇ.പി. ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.