സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്ത്

Jaihind Webdesk
Friday, April 26, 2019

ലോക് സഭാ തെരഞ്ഞെടുപ്പിന്‍റെ അവലോകനത്തിനായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്ത് ചേരും. പ്രതീക്ഷ നൽകുന്ന കണക്കുകളല്ല പല മണ്ഡലങ്ങളിൽ നിന്നും നേതൃത്വത്തിന് ലഭിച്ചിരിക്കുന്നത് എന്നാണ് സൂചന. ശബരിമല വിഷയവും പ്രളയം നേരിടുന്നതിൽ ഉണ്ടായ വീഴ്ചയും ഉൾപ്പെടെയുള്ള വിഷയങ്ങൾ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി എന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

വോട്ടെടുപ്പ് അവസാനിച്ചതിനു പിന്നാലെ ബിജെപി, ദുർബല സ്ഥാനാർത്ഥികളെ നിർത്തി വോട്ടു മറിച്ചെന്ന് ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് സി പി എം ഉന്നയിച്ചത്. ഇന്‍റലിജൻസ് റിപ്പോർട്ടുകളിലും ഈ തെരഞ്ഞെടുപ്പിൽ സി പി എമ്മിന് വൻ തിരിച്ചടി നേരിടേണ്ടി വരുമെന്ന് പറയുന്നു. ശബരിമല വിഷയം ഈ തെരഞ്ഞെടുപ്പിൽ ഒരു പ്രധാന ഘടകമായെന്ന വിലയിരുത്തലാണ് മൂന്നു മുന്നണികൾക്കും ഉള്ളത്.

സ്ത്രീ വോട്ടർമാരുടെ മികച്ച പോളിങും ഇതിനെ ശരിവെയ്ക്കുന്നു. ശബരിമല വിഷയം സി പി എമ്മിന് ദോഷമായെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

ശബരിമല വിഷയത്തിലെ സി പി എം നിലപാടാണ് ബിജെപിയും – ആർ എസ് എസും കേരളത്തിലൊട്ടാകെ അഴിച്ചുവിട്ട അക്രമസംഭവങ്ങൾക്കു കാരണമെന്നും ജനങ്ങൾക്ക് ബോധ്യമുണ്ട്. ഇതിനെല്ലാം മറുപടിയായാണ് ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമെന്നും വ്യക്തമാണ്.

ബിജെപിയുടെയും ആർ എസ് എസിന്‍റെയും വർഗീയതക്കെതിരായ വിധിയെഴുത്തും ഇതിൽ പ്രതിഫലിക്കുന്നു. സി പി എമ്മിന്‍റെ അക്രമ രാഷ്ട്രീയത്തിനെതിരായ യു ഡി എഫ് നീക്കവും വിജയം കണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷരുടെ വിലയിരുത്തൽ. ഇത് വടക്കൻ കേരളത്തിൽ കനത്ത തിരിച്ചടിയാവും സി പി എമ്മിന് ഉണ്ടാക്കുക. രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വവും, കോൺഗ്രസ് ശക്തികേന്ദ്രങ്ങളിലെ ഉയർന്ന പോളിങ്ങും സി പി എം ഒരുപോലെ ഭയക്കുന്നു .ഇവയെല്ലാം സി പിഎമ്മിന് തിരിച്ചടിയാവുന്ന പശ്ചാത്തലത്തിൽ ഇക്കാര്യങ്ങളെല്ലാം തന്നെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ചയാവുമെന്നാണ് സൂചന.