തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് പാര്‍ട്ടിക്ക് അനുകൂലമാക്കിയെന്ന മുതിര്‍ന്ന നേതാവ് ജി സുധാകരന്റെ വെളിപ്പെടുത്തല്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്നതിനിടയില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും. മുതിര്‍ന്ന നേതാവിന്റെ വെളിപ്പെടുത്തല്‍ പാര്‍ട്ടിയെ ഏറെ പ്രതിരോധത്തില്‍ ആക്കിയിരിക്കുന്ന വേളയിലാണ് യോഗം ചേരുന്നത്. നേരത്തെ തന്നെ സിപിഎം തെരഞ്ഞെടുപ്പുകളില്‍ വ്യാപകമായി കള്ളവോട്ടുകള്‍ ചെയ്യുക പതിവാണെന്ന ആരോപണം നിലനില്‍ക്കേയാണ് അത് ശരിവെക്കുന്ന തരത്തിലുള്ള സുധാകരന്റെ വെളിപ്പെടുത്തലുണ്ടായത്. ഇതുള്‍പ്പെടെ പാര്‍ട്ടിയെ അടിക്കടി പ്രതിരോധത്തില്‍ ആക്കുന്ന ജി.സുധാകരന്റെ നിലപാടുകള്‍ പാര്‍ട്ടി ഇന്ന് ചര്‍ച്ച ചെയ്യും. കണ്ണൂരില്‍ അക്രമ പരമ്പരകള്‍ തുടരുന്ന സാഹചര്യവും പാര്‍ട്ടി വിലയിരുത്തും.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന വിവാദ പ്രസംഗമായിരുന്നു മുന്‍ മന്ത്രി ജി സുധാകരന്‍ നടത്തിയത്. 36 വര്‍ഷം മുന്‍പ് ആലപ്പുഴയില്‍ മത്സരിച്ച് കെ വി ദേവദാസിനായാണ് കൃത്രിമം നടത്തിയതെന്നും ഇനി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്താലും കുഴപ്പമില്ലെന്നും സുധാകരന്‍ പറഞ്ഞു. കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിലായിരുന്നു ജി സുധാകരന്റെ വിവാദ പ്രസംഗം.