സിപിഎം സമ്മേളനത്തിന് കൊല്ലത്തു തുടക്കമായി; പീഢനക്കേസില്‍ പെട്ട സ്ഥലം MLA മുകേഷിനെ കാണ്‍മാനില്ല

Jaihind News Bureau
Thursday, March 6, 2025

സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്തു തുടക്കമായി. ശക്തി കേന്ദ്രങ്ങളില്‍ വോട്ടു ചോര്‍ച്ചയുണ്ടായെന്നു ബിജെപിയിലേയ്ക്ക് അണികള്‍ മാറുന്നു എന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടാണ് സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ടത്. കീഴ് ഘടകങ്ങളില്‍ നിന്ന് ഈ വിഷയത്തില്‍ നല്‍കിയ വിവരങ്ങള്‍ ശരിയായില്ല എന്ന വിലയിരുത്തലും ഉണ്ടായതായി സൂചനയുണ്ട്.

രാവിലെ ഒമ്പതരയ്ക്ക് മണിക്ക് എ കെ ബാലന്‍ പതാക ഉയര്‍ത്തി. പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും

ക്യാപ്റ്റന്‍ തുടരുമോ എന്ന വലിയ ചര്‍ച്ചയ്ക്ക് ഇടയിലാണ് സംസ്ഥാന സമ്മേളനം തുടങ്ങിയത്. മുഖ്യമന്ത്രിക്കു ഒഴികെ പ്രായപരിധി കര്‍ശനമാക്കിയാല്‍ 15പേരാണ് സംസ്ഥാന നേതൃത്വത്തില്‍ നിന്ന് പുറത്താകുക .വിഭാഗീയതയുടെ പേരില്‍ ചിലര്‍ക്കെതിരെ നടപടി കൂടി ഉണ്ടായാല്‍ കൂടുതല്‍ പേര്‍ക്ക് സംസ്ഥാന നേതൃത്വത്തില്‍ നിന്ന് പുറത്ത് പോകേണ്ടിവരും. പകരം നേതാവിനെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ 80ലേക്ക് അടുക്കുന്ന മുഖ്യമന്ത്രിക്ക് എട്ടാം തവണയും മത്സരിക്കുവാന്‍ എല്ലാ മാനദണ്ഡങ്ങളും മാറ്റിവെച്ച് പാര്‍ട്ടി അനുമതി നല്‍കുമെന്ന വ്യക്തമായ സൂചനയോടെയാണ് സമ്മേളനം തുടങ്ങിയത്. പ്രകടമായ നയം മാറ്റത്തിലേക്ക് നീങ്ങുന്ന പാര്‍ട്ടിയുടെ പുതിയ നയരേഖ മുഖ്യമന്ത്രി ഇന്ന് സമ്മേളനത്തില്‍ അവതരിപ്പിക്കും.

അതേസമയം സമ്മേളന നഗരിയായ കൊല്ലത്തെ പ്രതിനിധിയെ എങ്ങും കാണാനില്ല. മുകേഷിനെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് അപ്രഖ്യാപിത വിലക്കാണ് പാര്‍ട്ടി ഏര്‍പ്പെടുത്തിയിട്ടുള്ളത് . സംഘാടനത്തില്‍ ഉള്‍പ്പെടെ എം.മുകേഷ് എംഎല്‍എയെ പൂര്‍ണ്ണമായും ഒഴിവാക്കിയാണ് സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുന്നത്. മുകേഷിനെതിരേ ഉയര്‍ന്ന സ്ത്രീപീഢന കേസാണ് വിനയായത്. ലോക് സഭാ തെരഞ്ഞെടുപ്പോടെ ഇദ്ദേഹം പാര്‍ട്ടി ഘടകങ്ങള്‍ക്കെല്ലാം വെറുക്കപ്പെട്ടവനായി. 30 വര്‍ഷങ്ങള്‍ക്ക് ശേഷം കൊല്ലം നഗരത്തില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ നഗര മേഖലയിലെ എംഎല്‍എയായ മുകേഷിനെ പാര്‍ട്ടി തീര്‍ത്തുംമാറ്റി നിര്‍ത്തിയിരിക്കുകയാണ്.

30 വർഷങ്ങൾക്ക് ശേഷം കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലാണ് കൊല്ലം എംഎൽഎക്ക് പാർട്ടി വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ലൈംഗിക ആരോപണ കേസിൽ കുടുങ്ങിയ എം മുകേഷിനെ പൂർണമായും ഒഴിവാക്കിയാണ് സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്നത്.സമ്മേളനമായി ബന്ധപ്പെട്ട ഒരു പരിപാടികളിലും സംഘാടനത്തിലും മുകേഷിനെ പങ്കെടുപ്പിക്കേണ്ട എന്ന് പാർട്ടി തീരുമാനിക്കുകയായിരുന്നു.

നേരത്തെ തന്നെ സിപിഎം ജില്ലാ കമ്മിറ്റി മുകേഷിനെ പാർട്ടി വേദികളിൽ നിന്ന് ഒഴിവാക്കുവാൻ തീരുമാനിക്കുകയും സംസ്ഥാന നേതൃത്വത്തിന്റെ അനുമതി ഇക്കാര്യത്തിൽ നേടുകയും ചെയ്തിരുന്നു.മുകേഷിന്റെ എംഎൽഎ സ്ഥാനം പാർട്ടി സംരക്ഷിച്ചെങ്കിലും പാർട്ടി പരിപാടികളിൽ കനത്ത വിലക്ക് ഏർപ്പെടുത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
കോടതി വിധി വരും വരെ മുകേഷ് എംഎൽഎ സ്ഥാനത്ത് തുടരട്ടെ എന്ന നിലപാടാണ് പാർട്ടി സ്വീകരിക്കുന്നത്.

മുകേഷ് ധാർമികമായി എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന നിലപാടാണ് പാർട്ടിയിലെ മറ്റൊരു വിഭാഗത്തിനുള്ളത്. എന്നാൽ മുഖ്യമന്ത്രി ഇക്കാര്യത്തിൽ മുകേഷിനെ പിന്തുണച്ചതോടെയാണ് മുകേഷ് എംഎൽഎ സ്ഥാനത്ത് തുടരുന്നത് ‘.
പാർട്ടിയുടെ മറ്റ് എംഎൽഎമാരും മന്ത്രിമാരും ഒക്കെ സജീവമായി സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുമ്പോഴാണ് പാർട്ടി ചിഹ്നത്തിൽ രണ്ട് പ്രാവശ്യം വിജയിച്ച മുകേഷിനെ പാർട്ടി പടിക്ക് പുറത്ത് നിർത്തിയിരിക്കുന്നത്.