തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്തല്‍; സിപിഎം സംസ്ഥാന കമ്മിറ്റി ഇന്നു മുതൽ

Jaihind Webdesk
Tuesday, June 18, 2024

 

തിരുവനന്തപുരം: കനത്ത തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്തുന്നതിനായി സിപിഎം സംസ്ഥാന കമ്മിറ്റി ഇന്നുമുതൽ ആരംഭിക്കും. കഴിഞ്ഞ രണ്ട് ദിവസമായി നടന്നുവന്ന സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ തുടർച്ചയായിട്ടാണ് യോഗം. പാർട്ടി വോട്ടുകൾ വ്യാപകമായി ചോർന്നുവെന്നാണ് സെക്രട്ടറിയേറ്റ് വിലയിരുത്തൽ. പാർട്ടി വോട്ടുകളിലെ ചോർച്ച തിരഞ്ഞെടുപ്പ് പരാജയത്തിന് ആക്കംകൂട്ടിയെന്നും തിരുത്തൽ നടപടികളിലേക്ക് കടക്കണമെന്നും സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചിരുന്നു. ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന ശക്തമായ വിമർശനം പാർട്ടിയിലും മുന്നണിയിലും ഒരുപോലെ ഉയരുന്നതിനിടയിലാണ് സംസ്ഥാന സമിതി യോഗം ചേരുന്നത്. മുഖ്യമന്ത്രിക്കും സംസ്ഥാന നേതൃത്വത്തിനുമെതിരെ പ്രത്യക്ഷമായും പരോക്ഷമായും കനത്ത വിമർശനം യോഗത്തിൽ ഉയരുമെന്ന് ഉറപ്പാണ്. പാർട്ടിയും സർക്കാരും തിരുത്തണമെന്ന ആവശ്യത്തിൽ ചൂടേറിയ ചർച്ചകളും നടക്കും.