പിണറായി വിജയന്‍റെ ഏകാധിപത്യം കൊടികുത്തിവാണ സംസ്ഥാന സമ്മേളനത്തിനുശേഷം പാര്‍ട്ടിയില്‍ കടുത്ത അസംതൃപ്തിയും അമര്‍ഷവും പരസ്യ പ്രതിഷേധവും തുടരുകയാണ്. സംസ്ഥാന സെക്രട്ടറിയേറ്റ് സംസ്ഥാന കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അസാധാരണമായ പ്രതിഷേധങ്ങളും വിമര്‍ശനവും പാര്‍ട്ടിയെ പിടിച്ചുലക്കുകയാണ്. പദവിയുടെ പേരില്‍ പാര്‍ട്ടിയെ വെല്ലുവിളിച്ച് സമ്മേളനം ബഹിഷ്‌കരിച്ച് ഇറങ്ങിയ മുതിര്‍ന്ന നേതാവ് പത്മകുമാര്‍ ഉയര്‍ത്തിയ വെല്ലുവിളി അക്ഷരാര്‍ത്ഥത്തില്‍ സിപിഎം നേതൃത്വത്തെ ഞെട്ടിച്ചു. പത്മകുമാറിനെതിരെയുള്ള നടപടി ചര്‍ച്ച ചെയ്യുവാന്‍ സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വം നാളെ യോഗംചേരും. തഴയപ്പെട്ടതില്‍ സമ്മേളനത്തില്‍ തന്നെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച പി ജയരാജനും, മേഴ്‌സിക്കുട്ടിയമ്മയ്ക്കും പിന്നാലെ ഒളിയമ്പുമായി സെക്രട്ടറിയേറ്റ് സ്ഥാനം ലഭിക്കാതെ പോയ കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തി.
പിണറായി അധികാരത്തിലേറും മുന്‍മ്പ് 2016 ല്‍ നടത്തിയ നവകേരള മാര്‍ച്ചിന്റെ ശംഖുമുഖത്തെ സമാപന സമ്മേളനത്തിന്റെ ചിത്രം പോസ്റ്റ് ചെയ്താണ് കടകംപള്ളി ഒളിയമ്പ് തൊടുത്തത്. സമാപന സമ്മേളനത്തിന്റെ വിജയത്തില്‍ തന്റെ പങ്ക് വിളിച്ചറിയിച്ചാണ് കടകംപള്ളി പാര്‍ട്ടി നേതൃത്വത്തെ ചില ഓര്‍മ്മപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. തന്നെ ഒഴിവാക്കി സെക്രട്ടേറിയറ്റിന്റെ പാനല്‍ വച്ചപ്പോള്‍ സമ്മേളനത്തിനിടയില്‍ നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പി. ജയരാജന്‍ രൂക്ഷമായി ഇതിനെ ചോദ്യംചെയ്തിരുന്നു. ഇത് അനീതിയാണ് എന്നു സംസ്ഥാനകമ്മിറ്റി യോഗത്തില്‍ തുറന്നടിച്ച ജെ.മേഴ്‌സിക്കുട്ടിയമ്മയും തന്നെ ഒഴിവാക്കിയതില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. എന്‍.സുകന്യയും പി ജയരാജന്റെ മകനും എഫ് ബി പോസ്റ്റുകളിലൂടെ നേതൃത്വത്തിനെതിരെ ഒളിയമ്പുകള്‍ തൊടുത്തിരുന്നു. സിപിഎം ജില്ലാ നേതൃത്വം പി ജയരാജനെതിരെ നല്‍കിയിരുന്ന കത്തും ജയരാജനെ പരിഗണിക്കാതിരുന്നതിന് കാരണമായതായ സൂചനയും ഉയരുന്നുണ്ട്.
ഏതായാലും ഏകാധിപത്യപരമായ കമ്മറ്റി രൂപീകരണം സിപിഎം രാഷ്ട്രീയത്തില്‍ അസാധാരണ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വെള്ളിയാഴ്ച പുതിയ സംസ്ഥാന കമ്മിറ്റിയുടെ ആദ്യ യോഗം എകെജി സെന്ററില്‍ ചേരും. സമ്മേളനത്തിനുശേഷം ഉയര്‍ന്ന പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉള്‍പ്പെടെ യോഗം ചര്‍ച്ച ചെയ്യും.