കണ്ണൂർ : കുടിൽ വ്യവസായം പോലെ ബോംബ് നിർമാണം നടത്തുന്ന സിപിഎം നടപടിക്കെതിരെ കണ്ണൂർ ഡിസിസി പ്രസിഡന്‍റ് സതീശന്‍ പാച്ചേനി. ബോംബ് നിർമാണം സിപിഎം അവസാനിപ്പിക്കണമെന്നും ഇതിന് ഒത്താശ ചെയ്യുന്ന പാർട്ടി നേതാക്കളെ ചോദ്യം ചെയ്യാൻ പോലീസ് തയാറാകണമെന്നും സതീശൻ പാച്ചേനി ആവശ്യപ്പെട്ടു.
തലശേരി പാനൂർ മേഖലയിൽ വ്യാപകമായി ബോംബ് നിർമ്മാണം നടക്കുന്നതിന്‍റെ തെളിവാണ് കഴിഞ്ഞദിവസം ബോംബ് നിർമ്മാണത്തിനിടെ ബോംബ് പൊട്ടി സി.പി.എം പ്രവർത്തകന്‍റെ കൈപ്പത്തി തകർന്ന സംഭവത്തിലൂടെ വ്യക്തമാവുന്നതെന്ന് സതീശന്‍ പാച്ചേനി ചൂണ്ടിക്കാട്ടി. ബോംബ് നിർമ്മാണത്തിൽ പരിക്കുപറ്റിയ ആളുകളെ കൃത്യമായി ചോദ്യം ചെയ്താൽ ഇതിന്‍റെ കൂട്ടു പ്രതികളെയും മറ്റ് ഗൂഢാലോചനയും നിർമ്മാണത്തിന് സഹായം ചെയ്യുന്ന രാഷ്ട്രീയ നേതാക്കളെ കുറിച്ചും വിവരം ലഭ്യമാവും. പോലീസ് അടിയന്തിരമായി ഇതിന് തയാറാകണമെന്നും സതീശന്‍ പാച്ചേനി ആവശ്യപ്പെട്ടു. അക്രമം നടക്കുമ്പോൾ മാത്രം പോലീസ് അന്വേഷണം നടത്തുന്ന രീതി അവസാനിപ്പിക്കണമെന്നും ബോംബ് നിർമ്മാണത്തിന് നേതൃത്വം കൊടുക്കുന്ന പാർട്ടി നേതാക്കളെ ചോദ്യം ചെയ്യാൻ പോലീസ് തയാറായാൽ മാത്രമേ ക്രിമിനലുകളുടെ വേരറുക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് ആയുധ സംഭരണങ്ങൾ നടക്കുമ്പോൾ പോലീസ് കയ്യും കെട്ടി നോക്കി നില്‍ക്കരുത്. ഇപ്പോൾ പരിശോധനകൾ പേരിന് മാത്രമാണ് നടക്കുന്നത്.
സിപിഎമ്മും ബിജെപിയും ജില്ലയുടെ പല ഭാഗങ്ങളിലും മത്സരിച്ച് ബോംബ് നിർമ്മാണത്തിന് നേതൃത്വം കൊടുത്ത മുൻകാല അനുഭവങ്ങളുടെ ദുരന്തഫലം നാട് അനുഭവിച്ചതാണ്. തലശേരി നാലാം മൈലിൽ ബോംബ് നിർമ്മാണത്തിനിടെ സിപിഎം പ്രവർത്തകനായ മാരിമുത്തു എന്ന നിജീഷിന് ഗുരുതരമായി പരിക്കുപറ്റി കൈപ്പത്തി അറ്റുപോയ വാർത്ത ഭയാശങ്കയോടെയാണ് നാട് കേട്ടത്. ഒരുഭാഗത്ത് സമാധാന സന്ദേശ യാത്ര നടത്തുകയും മറുഭാഗത്ത് ബോംബ് നിർമാണത്തിന് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന സി.പി.എമ്മിന്‍റെ കപട രാഷ്ട്രീയം ജനങ്ങൾ തിരിച്ചറിയും. നാടിന്‍റെ ശാന്തിയും സമാധാനവും തകർക്കുന്ന ക്രിമിനൽ സംഘങ്ങളെ നിയന്ത്രിക്കാനും ഇല്ലാതാക്കാനും മുഖം നോക്കാതെയുള്ള ശക്തമായ നടപടികൾ പോലീസിന്‍റെ ഭാഗത്തുനിന്ന് വളരെ അടിയന്തരമായി ഉണ്ടാവണമെന്ന് സതീശൻ പാച്ചേനി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.