തൃക്കാക്കരയില്‍ പോപ്പുലർ ഫ്രണ്ടുമായി സിപിഎമ്മിന് രഹസ്യധാരണ; ആലപ്പുഴ റാലിക്ക് അനുമതി നല്‍കിയത് ഇതിന്‍റെ അടിസ്ഥാനത്തില്‍: അപകടകരമായ നീക്കമെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Monday, May 30, 2022

കൊച്ചി: പോപ്പുലർ ഫ്രണ്ടുമായി സിപിഎമ്മിന് രഹസ്യ ധാരണയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തൃക്കാക്കരയിൽ പോപ്പുലർ ഫ്രണ്ടുമായി സിപിഎം ചർച്ച നടത്തി. മുൻ മന്ത്രിമാരാണ് പിഎഫ്‌ഐ നേതാക്കളുമായി ചർച്ച നടത്തിയത്. പോപ്പുലർ ഫ്രണ്ടിന്‍റെ ആലപ്പുഴ റാലിക്ക് അനുമതി നൽകിയത് രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലെന്നും പ്രതിപക്ഷനേതാവ്.

”പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി മുൻ മന്ത്രിമാർ ഉൾപ്പെടെയുള്ള സംഘം തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പിൽ വോട്ട് കിട്ടുന്നതിന് വേണ്ടിയുള്ള ചർച്ചകളിലായിരുന്നു. അവരുടെ ആവശ്യപ്രകാരമാണ് കളക്ടർ പറ്റില്ലെന്ന് പറഞ്ഞിട്ടും ആലപ്പുഴയിൽ ഇത്തരമൊരു റാലിക്ക് അനുമതി കൊടുത്തത്. അപകടകരമായ നീക്കമാണിത്. വർഗീയതയെ പ്രീണിപ്പിക്കാൻ വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും നടത്തുന്ന അപകടകരമായ കാര്യമാണ് ആലപ്പുഴയിൽ സംഭവിച്ചത്‌” – വി.ഡി സതീശന്‍ പറഞ്ഞു.

വര്‍ഗീയ ശക്തികള്‍ കേരളത്തില്‍ അഴിഞ്ഞാടുകയാണ്. വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന സര്‍ക്കാർ നീക്കം അത്യന്തം അപകടകരമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.