അച്ചടക്കലംഘനം; പാലാ നഗരസഭാ കൗൺസിലര്‍ ബിനു പുളിക്കകണ്ടത്തെ പുറത്താക്കി സിപിഎം

Jaihind Webdesk
Tuesday, June 11, 2024

 

കോട്ടയം:  എയര്‍പോഡ് മോഷണ വിവാദത്തിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ പാലാ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ബിനു പുളിക്കകണ്ടത്തെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനും ഇടതുപക്ഷ വിരുദ്ധ സമീപനത്തിലുമാണ് ബിനുവിനെതിരായ നടപടിയെന്ന് സിപിഎം പാലാ ഏരിയാ കമ്മിറ്റി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഏരിയാ കമ്മിറ്റിയുടെ തീരുമാനത്തിന് കോട്ടയം ജില്ലാ കമ്മിറ്റി അംഗീകാരം നല്‍കി.

നേരത്തേ കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ. മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയതിനെതിരെ ബിനു പുളിക്കക്കണ്ടം പരസ്യവിമര്‍ശനം ഉന്നയിച്ചിരുന്നു. ജോസ് കെ. മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ പാര്‍ട്ടി അണികള്‍ക്ക് എതിര്‍പ്പുണ്ടെന്നാണ് ബിനു നേരത്തേ പറഞ്ഞത്. ജോസ് ജനങ്ങളില്‍ നിന്ന് ഓടിയൊളിക്കുകയാണെന്നും ജനങ്ങളെ നേരിടാന്‍ മടിയുള്ളതുകൊണ്ടാണ് രാജ്യസഭയിലേക്ക് പോകുന്നതെന്നും പറഞ്ഞ ബിനു, പിന്‍വാതിലിലൂടെ അധികാരത്തിലെത്താന്‍ ശ്രമിക്കുന്നത് നല്ലതല്ലെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബിനുവിനെതിരെ പാര്‍ട്ടി നടപടിയെടുത്തത്.

പാലാ നഗരസഭയിലെ ചെയർമാൻ സ്ഥാനത്തേക്ക് ബിനുവിനെ കൊണ്ടുവരുന്നതിനെതിരെ കേരള കോൺഗ്രസ് എം നിലപാടെടുത്തതാണ് നഗരസഭയിൽ തര്‍ക്കങ്ങൾ തുടങ്ങാൻ കാരണം. മുന്നണി ധാരണ പ്രകാരം സിപിഎമ്മിനു ലഭിക്കേണ്ട നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് ബിനുവിനെ പരിഗണിക്കാതിരിക്കാൻ കേരളാകോൺഗ്രസ് (എം) സിപിഎം സംസ്ഥാന നേതൃത്വത്തിൽ വരെ സമ്മർദ്ദം ചെലുത്തിയിരുന്നു. കേരളാ കോൺഗ്രസ് (എം) തന്‍റെ നഗരസഭാ അധ്യക്ഷ സ്ഥാനം തട്ടിക്കളഞ്ഞതിൽ പ്രതിഷേധിച്ച് 2023 ജനുവരി മുതൽ പൊതുപരിപാടികളിൽ കറുപ്പ് ഷർട്ട് ഇട്ട് ബിനു പ്രതിഷേധിക്കുകയാണ്.

നേരത്തെ ആപ്പിള്‍ എയര്‍പോഡ് മോഷണത്തില്‍ ബിനു പുളിക്കക്കണ്ടത്തിലിന്‍റെ പേര് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പാലാ നഗരസഭയിലെ കേരള കോണ്‍ഗ്രസ് (എം) കൗണ്‍സിലര്‍ ജോസ് ചീരാംകുഴിയുടെ എയര്‍പോഡാണ് മോഷണം പോയത്. ആഴ്ചകള്‍ക്ക് മുമ്പ് ഈ എയര്‍പോഡ് മാഞ്ചസ്റ്ററില്‍ ജോലി ചെയ്യുന്ന പാലാ സ്വദേശിനിയായ യുവതി പോലീസിന് നല്‍കുകയായിരുന്നു. പിന്നാലെ ബിനുവിനെ പ്രതിയാക്കി പാലാ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി വിട്ട് സിപിഎമ്മിൽ എത്തിയ ബിനു ഈ കൗൺസിലിൽ പാർട്ടി ചിഹ്നത്തിലാണു മത്സരിച്ചത്. പാലാ നഗരസഭയിലേക്കു വിജയിച്ച ഏക സിപിഎം അംഗമാണ്.