സിപിഎം ഭരണസമിതി രാഷ്ട്രീയ പകപോക്കലിന്‍റെ പേരില്‍ വീട് നിഷേധിച്ചു; പ്രവര്‍ത്തകന് വീടൊരുക്കാന്‍ യൂത്ത് കോണ്‍ഗ്രസ്

 

കൊല്ലം: അര്‍ഹതയുണ്ടായിട്ടും രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമായി ലൈഫ് പദ്ധതിക്ക് കീഴില്‍ വീട് നിഷേധിച്ച പ്രവര്‍ത്തകന് വീട് നിര്‍മ്മിച്ച് നല്‍കുകയെന്ന ദൗത്യം ഏറ്റെടുത്ത് യൂത്ത് കോണ്‍ഗ്രസ്. ചടയമംഗലം നിയോജക മണ്ഡലത്തിലെ കുമ്മിള്‍ നോര്‍ത്ത് വാര്‍ഡിലാണ് യൂത്ത്‌കോണ്‍ഗ്രസ് ഈ ഉദ്യമവുമായി രംഗത്തിറങ്ങിയത്. പുതിയ വീടിന്‍റെ തറക്കല്ലിടീല്‍ ചടങ്ങ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍വഹിച്ചു.

യൂത്ത് കോണ്‍ഗ്രസ് കുമ്മിള്‍ നോര്‍ത്ത് യൂണിറ്റ് പ്രസിഡന്‍റ് സാദിഖിനാണ് നിരവധി തവണ അപേക്ഷ നല്‍കിയിട്ടും ഓരോ കാരണങ്ങള്‍ പറഞ്ഞ് സിപിഎം നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണ സമിതി അപേക്ഷ നിരസിച്ചത്. ഭാര്യയും കൈക്കുഞ്ഞും അടങ്ങുന്ന സാദിഖിന്‍റെ കുടുംബം ഒറ്റമുറി വീട്ടിലാണ് താമസിച്ചുവന്നിരുന്നത്. ഇവരുടെ ദുരവസ്ഥ ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും സഹായത്തോടെ സാദിഖിന് വീടൊരുക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.

കെപിസിസിയുടെ ആയിരം വീട് പദ്ധതിയിലും യൂത്ത് കെയര്‍ പ്രോഗ്രാമിലും ഉള്‍പ്പെടുത്തിയാണ് വീട് നിര്‍മ്മാണം. കോണ്‍ഗ്രസ് പതാക പിടിച്ചതിന്‍റെ പേരില്‍ സാദിഖിനെപ്പോലുള്ള ആയിരക്കണക്കിന് പേര്‍ക്ക് ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി വീട് നല്‍കില്ല എന്നതാണ് സിപിഎമ്മിന്‍റെ രാഷ്ട്രീയ നീക്കമെങ്കില്‍ അങ്ങനെയുള്ളവര്‍ക്ക് വീട് വെച്ച് നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനമെന്നും ആ ഉത്തരവാദിത്വമാണ് യൂത്ത് കോണ്‍ഗ്രസ് ചടയമംഗലം നിയോജമണ്ഡലം കമ്മിറ്റി ഏറ്റെടുത്തിരിക്കുന്നതെന്നും തറക്കല്ലിടല്‍ നിര്‍വഹിച്ചതിന് ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

“കേരളത്തിന്‍റെ സമസ്ത മേഖലയും സഖാക്കള്‍ക്ക് വേണ്ടി സംവരണം ചെയ്യപ്പെട്ട കേരളത്തിലെ ഭരണകൂടം ലൈഫ് പദ്ധതിയിലും തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെയെല്ലാം ഒഴിവാക്കി മുന്നോട്ട് പോകുകയാണ്. ലൈഫ് മിഷനില്‍ നിന്നും തഴഞ്ഞാലും ഓരോരുത്തര്‍ക്കും ലൈഫ് നല്‍കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉണ്ടാകും. സിപിഎമ്മിന്‍റെ നേതാക്കളുടെയും പഞ്ചായത്ത് അംഗങ്ങളുടേയും പുറകെ പോയില്ലെങ്കില്‍ വീട് തരില്ല എന്ന് പറയുമ്പോള്‍, കോണ്‍ഗ്രസ് കൊടി താഴെവച്ച് സിപിഎം കൊടിപിടിക്കുന്നവരാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. വീടും കൂടുമില്ലാതെ തെരുവിലേക്ക് ഇറങ്ങണ്ടി വന്നാലും കോണ്‍ഗ്രസ് കൊടി ചേര്‍ത്തുപിടിച്ചുകൊണ്ടായിരിക്കും ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തന്‍റെയും മുന്നോട്ടുള്ള ജീവിതം. കോണ്‍ഗ്രസ് കൊടി വലിയ കവചവും സംരക്ഷണവുമാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

“ആര്‍ക്കാണ് ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി വീടുനല്‍കുന്നത്? സാദിഖ് എന്ന ചെറുപ്പക്കാരന് വീട് ലഭിക്കാന്‍ യോഗ്യതയില്ലെന്ന് പഞ്ചായത്ത് ഭരണസമിതി തീരുമാനിക്കുമ്പോള്‍ സ്വാഭാവികമായി ഉയരുന്ന ചോദ്യം ആര്‍ക്കാണ് യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ വീട് നല്‍കുന്നതെന്നാണ്. ഒരു കുടുംബം കഴിയുന്ന വീടില്‍പ്പോലും രാഷ്ട്രീയം നോക്കി വീട് നിഷേധിക്കുകയാണ്. സിപിഎമ്മിന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ ഭാഗമല്ലെന്ന ഒറ്റകാരണത്തിന്‍റെ പേരില്‍ വീട് നിഷേധിച്ചിട്ടാണ് രണ്ട് ലക്ഷം ചിരികള്‍ക്ക് വേണ്ടി വീട് കൊടുത്തുകൊണ്ടിരിക്കുകയാണെന്ന് വ്യാജപ്രചാരണം നടത്തുന്നത്. 500 ലധികം പേര്‍ക്ക് വീട് വെച്ച് നല്‍കാന്‍ കഴിയുന്ന തുക ലൈഫ് മിഷനില്‍ നിന്നും കമ്മീഷനായി അടിച്ച സര്‍ക്കാരാണ് പിണറായി സര്‍ക്കാര്‍. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലഘട്ടത്തില്‍ വിവിധ വകുപ്പകളുടെ സഹകരണത്തോടെ 4.6 ലക്ഷം വീടുകളാണ് നിര്‍മ്മിച്ച് നല്‍കിയത്. അതേസമയം പിണറായി സര്‍ക്കാരിന് 7 വര്‍ഷക്കാലത്തിനിടെ 4.2 ലക്ഷം വീടുകള്‍ മാത്രമേ നല്‍കാന്‍ കഴിഞ്ഞുള്ളൂ. അഞ്ച് കൊല്ലം യുഡിഎഫ് സര്‍ക്കാര്‍ കൊടുത്തതിന്‍റെ അത്രപോലും വീടുകള്‍ ഏഴു വര്‍ഷം കൊണ്ട് പിണറായി സര്‍ക്കാരിന് നല്‍കാനായില്ല” – രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

തദ്ദേശ സ്വയം ഭരണ മന്ത്രി എം.ബി രാജേഷ് പോരാളി ഷാജിയുടെ അതേ ഫേസ് ബുക്ക് പോസ്റ്റുമായാണ് നിയമസഭയില്‍ കെപിസിസിയുടെ 1000 വീട് പദ്ധതിയെ കുറിച്ച് സംസാരിച്ചത്. പോരാളി ഷാജിയെന്നാല്‍ ഗള്‍ഫിലിരിക്കുന്ന ഏതോ സിപിഎം പ്രവര്‍ത്തകനാണെന്നാണ് കരുതിയിരുന്നത്. പക്ഷേ നിയമസഭയിലെ പ്രസംഗം കേട്ടപ്പോഴാണ് പോരാളി ഷാജിയുടെ അഡ്മിന്‍ എം.ബി രാജേഷാണെന്ന് മനസിലായത്. കെപിസിസി വീടുവെച്ചുനല്‍കിയത് എവിടെയൊക്കെയാണെന്നതിന് കൃത്യമായ കണക്കുകളും മേല്‍വിലാസവുണ്ട്. ഇക്കാര്യം നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തന്നെ വ്യക്തമാക്കുകയും ചെയ്തു. പക്ഷേ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കൊടിയേരി ബാലകൃഷ്ണന്‍ കൊടുക്കാമെന്ന് പറഞ്ഞ 2000 വീടുകളെക്കുറിച്ച് ഒരു വിവരവുമില്ല. കൊടിയേരി ബാലകൃഷ്ണന്‍റെ മകന്‍റെ ഡിഎന്‍എ റിപ്പോര്‍ട്ടും അദ്ദേഹം കൊടുക്കാമെന്ന് പറഞ്ഞ 2000 വീടുകളും മാത്രം ലോകത്ത് ആരും കണ്ടിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു.

യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് ബി.എച്ച് നിഫാല്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ വി.ടി സിബി, കൊല്ലായില്‍ സുരേഷ്, മുനീര്‍ കുമ്മിള്‍, എ.എം ഇര്‍ഷാദ്, കുമ്മിള്‍ ഷമീര്‍, ഷമീം, അരുണ്‍ ചിതറ, എ.ആര്‍ റിയാസ്, ഷെഫീക്ക് അണയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

രാഹുല്‍ മാങ്കൂട്ടത്തില്‍ വീടിന്‍റെ തറക്കല്ലിടീല്‍ ചടങ്ങ് നിർവഹിക്കുന്നു
Comments (0)
Add Comment