സിപിഎം ശുപാര്‍ശ; പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് ജില്ലാ ആശുപത്രിയില്‍ നിയമനം

Jaihind Webdesk
Saturday, June 19, 2021

കാസര്‍ഗോഡ് : പെരിയ ഇരട്ട കൊലക്കേസിലെ പ്രതികളുടെ ഭാര്യമാർക്ക് കാസർഗോഡ് ജില്ലാ ആശുപത്രിയിൽ നിയമനം. സിപിഎമ്മിന്‍റെ ശുപാര്‍ശയിലാണ്  നിയമനം നൽകിയത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ്  ജോലി നല്‍കിയത്. കേസിലെ മുഖ്യപ്രതി പീതാംബരന്‍റെ ഭാര്യ അടക്കമുള്ളവര്‍ക്കാണ് ജോലി ലഭിച്ചത്.

പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടി കൊലപ്പെടുത്തിയ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതികളുടെ ഭാര്യമാർക്കാണ് ജോലി നൽകിയത്. കാസർഗോഡ് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് രഹസ്യമായി കഴിഞ്ഞ മാസം 3 പേർക്ക് ജോലി നൽകിയത്. കൊലപാതക കേസിലെ ഒന്നാം പ്രതി പീതാംബരന്‍റെ ഭാര്യ മഞ്ജു, രണ്ടാം പ്രതി സുരേന്ദ്രന്‍റെ ഭാര്യ ശ്രുതി, പ്രതിസ്ഥാനത്ത് നിൽക്കുന്ന സുരേഷിന്‍റെ ഭാര്യ ബേബി എന്നിവർക്കാണ് രഹസ്യമായി സിപിഎം ജില്ലാ നേതൃത്വത്തിന്‍റെ നിർദ്ദേശപ്രകാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്ണനും ജില്ലാ ആശുപത്രി സൂപ്രണ്ടും ചേർന്ന് നിയമനം നൽകിയത്. 6 മാസത്തേക്കാണ് നിയമനം. പിന്നീട് നീട്ടി നൽകാനും  കൊലപാതകികളുടെ കുടുംബത്തെ സംരക്ഷിക്കാനുമാണ് നീക്കം.

യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസ് സുപ്രീം കോടതി നിർദ്ദേശപ്രകാരം സിബിഐ അന്വേഷണത്തിലാണ്. പ്രതികൾക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് പറയുമ്പോഴും സിബിഐ അന്വേഷണത്തെ എതിർക്കാൻ പൊതു ഖജനാവിൽ നിന്ന് കഴിഞ്ഞ പി ണറായി സർക്കാര്‍ കോടികളാണ് ചെലവഴിച്ചത്. കൊലപാതകികളുടെ കുടുംബത്തിന് പൊതുഖജനാവിൽ നിന്ന് ശമ്പളം നൽകി ജോലിക്ക് നിയമിച്ച നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.