‘കൊല്ലേണ്ടവരെ കൊല്ലും ഞങ്ങള്‍’ ; യുഡിഎഫ് പ്രവർത്തകർക്കെതിരെ കൊലവിളിയുമായി സിപിഎം പ്രകടനം ; പ്രതികള്‍ക്ക് സ്വീകരണം

Jaihind News Bureau
Tuesday, January 19, 2021

കണ്ണൂർ : യുഡിഎഫ് പ്രവർത്തകർക്കെതിരെ  വധഭീഷണി മുഴക്കി  കണ്ണൂർ മയ്യിലിൽ സിപിഎം പ്രകടനം. യുഡിഎഫ് പ്രവർത്തകരെ ആക്രമിച്ച കേസിലെ പ്രതികൾക്ക് പാർട്ടി നൽകിയ സ്വീകരണത്തോടനുബന്ധിച്ച് മയ്യിൽ ചെറുപഴശ്ശി നെല്ലിക്കപ്പാലത്തായിരുന്നു പ്രകടനം. കഴിഞ്ഞദിവസം നടന്ന പ്രകടനത്തിൽ കള്ളനോട്ട് കേസിലെ പ്രതിയും ഉള്‍പ്പെടുന്നു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മയിൽ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ യുഡിഎഫ് പ്രവർത്തകർക്ക് നേരെ വ്യാപക അക്രമം നടന്നിരുന്നു. ഈ കേസിൽ പ്രതികളായ സിപിഎം നേതാവ് ബാലകൃഷ്ണൻ ഉൾപ്പടെയുള്ളവർക്ക് നൽകിയ സ്വീകരണത്തോടനുബന്ധിച്ചായിരുന്നു ചെറുപഴശ്ശിയിൽ പ്രകടനം നടത്തിയത്.

മുസ്ലീം ലീഗ് പ്രവർത്തകരുടെ കൈയും കാലും വെട്ടുമെന്നും പാർട്ടിക്ക് നേരെ വന്നവരെ കൊന്നിട്ടുണ്ടെന്നുമാണ് മുദ്രാവാക്യം മുഴക്കിയത്. കള്ളനോട്ട് കേസിലെ പ്രതിയായ സിദ്ദിഖും പ്രകടനത്തിൽ ഉണ്ടായിരുന്നു. കൊല്ലേണ്ടവരെ കൊല്ലുമെന്നും തല്ലേണ്ടവരെ തല്ലുമെന്നുമായിരുന്നു മുദ്രാവാക്യം. ഭീഷണി മുദ്രാവാക്യം മുഴക്കിന പ്രകടനം നടത്തിയ സിപിഎം പ്രവർത്തകർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു.