പടയടങ്ങാതെ പൊന്നാനി ; പട്ടിക വന്നതിനു പിന്നാലെ പോസ്റ്റർ കത്തിച്ച് പ്രതിഷേധം

Jaihind News Bureau
Wednesday, March 10, 2021

 

മലപ്പുറം : പൊന്നാനിയില്‍ സി.പി.എം സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി പാർട്ടിക്കുള്ളില്‍ പ്രതിഷേധം തുടരുന്നു.  ടി.എം സിദ്ദിഖിനെ സ്ഥാനാർത്ഥിയാക്കാത്തതിനെതിരെയാണ് പ്രവർത്തകരുടെ പ്രതിഷേധം. വെളിയങ്കോട് പത്തുമുറി ബ്രാഞ്ച് കമ്മിറ്റി പ്രവർത്തകർ  സിപിഎം സ്ഥാനാർത്ഥിയുട  പോസ്റ്റർ കത്തിച്ചു.  അതേസമയം പ്രവർത്തകരുടെ പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് പൊന്നാനിയില്‍ പി.നന്ദകുമാറിനെ തന്നെ സിപിഎം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.

പൊന്നാനിക്കുപിന്നാലെ കുറ്റ്യാടിയിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലിയുള്ള തര്‍ക്കം  കലാപത്തിലേക്ക് വഴി മാറുന്നു. എല്‍ഡിഎഫിനായി രംഗത്തിറങ്ങുന്ന കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥിക്കെതിരെ സിപിഎം വിമതസ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. സിപിഎം ഏരിയ കമ്മിറ്റിയംഗത്തെ വിമതസ്ഥാനാ‍ര്‍ത്ഥിയാക്കാനാണ് നീക്കം നടക്കുന്നത്. ഇദ്ദേഹം മുന്‍ ഡിവൈഎഫ്‌ഐ നേതാവ് കൂടിയാണ്. കുറ്റ്യാടിയില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് ഏതാണ്ട് പ്രവര്‍ത്തകര്‍ ഉറപ്പിച്ചിരുന്നതാണ്. ഇതിനായി പ്രാഥമിക പ്രചാരണ പ്രവര്‍ത്തനങ്ങളും തുടങ്ങിയിരുന്നു. എന്നാൽ സീറ്റ്‌ അപ്രതീക്ഷിതമായി സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കിയതോടെയാണ് പ്രതിഷേധം മറനീക്കി പുറത്തേക്ക് വന്നത്.

ഇതേത്തുടര്‍ന്ന് കുറ്റ്യാടിയിലെ സിപിഎം നേതാക്കളുമായി കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ അടക്കം നിരവധി നേതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപെട്ടു. സീറ്റ് തിരിച്ചെടുക്കണമെന്നാണ് പാര്‍ട്ടി മണ്ഡലം കമ്മിറ്റി ഒറ്റക്കെട്ടായി നേതൃത്വത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍ സീറ്റ് കേരളാ കോണ്‍ഗ്രസിന് തന്നെയെന്ന നിലപാടില്‍ മാറ്റമില്ലെന്ന് നേതൃത്വം ഉറച്ചു നിന്നതോടെ പരസ്യമായി വിമതസ്വരം ഉയര്‍ത്താന്‍ തന്നെ പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു.