കൊല്ലം : സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി സിപിഎം പ്രവര്‍ത്തകരുടെ പരസ്യപ്രതിഷേധം വീണ്ടും. ചടയമംഗലത്ത് നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ചിഞ്ചുറാണിയെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെയാണ് പ്രതിഷേധം. കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ലെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.
ചിഞ്ചുറാണിയെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനം സിപിഐ ജില്ലാ നേതൃയോഗങ്ങളിലാണ് കൈക്കൊണ്ടത്. ജയസാധ്യത പരിഗണിച്ച് എ മുസ്തഫയെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു ജില്ലാ നേതാക്കളുടെ ആവശ്യം. എന്നാൽ വനിത സ്ഥാനാർത്ഥി വേണമെന്ന് സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ചിഞ്ചുറാണിയെ സ്ഥാനാർത്ഥിയാക്കിയത്.
അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. കുറ്റ്യാടിയില്‍ വീണ്ടും സിപിഎം പ്രവര്‍ത്തകർ പ്രതിഷേധിച്ചു. സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കിയതിനെതിരെ പ്രതിഷേധവുമായി ആയിരത്തിലേറെ പ്രവര്‍ത്തകരാണ് തെരുവിലിറങ്ങിയത്. ‘നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനംതിരുത്തും’ എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. ഇത് രണ്ടാം തവണയാണ് പ്രവർത്തകർ പരസ്യപ്രതിഷേധവുമായി രംഗത്തെത്തുന്നത്.
കഴിഞ്ഞ ദിവസങ്ങളിലും കുറ്റ്യാടിയില്‍ സിപിഎം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും പ്രതിഷേധം നടന്നിരുന്നു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞമ്മദ് കുട്ടിയെ മത്സരിപ്പിക്കണമെന്നായിരുന്നു പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.