‘വീട്ടിൽ സ്വർണ്ണം വെച്ചിട്ട് എന്തിന് നാട്ടിൽ തേടി നടപ്പൂ’; ഐസക്കിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സിപിഎമ്മിൽ പരസ്യ പ്രതിഷേധം

Jaihind Webdesk
Wednesday, June 5, 2024

 

പത്തനംതിട്ട: പത്തനംതിട്ടയിലെ തോല്‍വിക്ക് പിന്നാലെ തോമസ് ഐസക്കിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി സിപിഎമ്മിൽ പരസ്യ പ്രതിഷേധം. ജില്ലയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിയെന്ന് സിപിഎം ഏരിയാ കമ്മിറ്റി അംഗം ഫേസ്ബുക്ക് പോസ്റ്റിട്ടു.  ഏരിയാ കമ്മിറ്റി അംഗമായ അൻസാരി അസീസിന്‍റെ  ഫേസ്ബുക്ക് പോസ്റ്റാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തി പരസ്യമാക്കിയത്. സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാമിന്‍റെ ചിത്രം വെച്ച് ‘വീട്ടിൽ സ്വർണ്ണം വെച്ചിട്ട് എന്തിന് നാട്ടിൽ തേടി നടപ്പൂ’ എന്ന അടിക്കുറിപ്പോട് കൂടിയായിരുന്നു പോസ്റ്റ്. സംഭവം വിവാദമായതോടെ അൻസാരി അസീസ് പോസ്റ്റ് ഡിലീറ്റ് ചെയ്തു.

പത്തനംതിട്ടയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ആന്‍റോ ആന്‍റണി ഉജ്ജ്വല വിജയമാണ് കെെവരിച്ചത്. 66,119 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെയാണ് ആന്‍റോ ആന്‍റണി തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.  3,67623 വോട്ടുകള്‍ ആന്‍റോ ആന്‍റണി നേടിയപ്പോള്‍ 3,01504 വോട്ടുകളാണ് തോമസ് ഐസക് നേടിയത്.