CPM Polit Bureau| സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന്; കത്ത് ചോര്‍ച്ച വിവാദം ചര്‍ച്ചയായേക്കും

Jaihind News Bureau
Monday, August 18, 2025

ഡല്‍ഹി: കേന്ദ്ര നേതൃത്വത്തിന് നല്‍കിയ പരാതിക്കത്ത് ചോര്‍ന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പാര്‍ട്ടിയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. ഗുരുതരമായ സാമ്പത്തിക ആരോപണങ്ങള്‍ ഉള്‍ക്കൊള്ളുന്ന കത്ത് ചോര്‍ന്നത് പാര്‍ട്ടി നേതാക്കളെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. എന്നാല്‍, വിഷയത്തില്‍ ഇതുവരെ ഒരു നേതാവും പരസ്യമായി പ്രതികരിച്ചിട്ടില്ല.

മന്ത്രിമാര്‍ക്കും മുന്‍മന്ത്രിമാര്‍ക്കും ഉന്നത സിപിഎം നേതാക്കള്‍ക്കും വഴിവിട്ട് വിദേശ ഫണ്ട് ലഭിച്ചു എന്ന ഗുരുതര ആരോപണങ്ങളാണ് പരാതിക്കത്തിലുള്ളത്. വര്‍ഷങ്ങളായി പാര്‍ട്ടി പൂഴ്ത്തിവെച്ചിരുന്ന ഈ കത്ത് അടുത്തിടെയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ എത്തിയത്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകന്‍ ശ്യാം ആണ് കത്ത് ചോര്‍ത്തിയത് എന്ന് പരാതിക്കാരനായ ചെന്നൈ വ്യവസായി മുഹമ്മദ് ഷെര്‍ഷാദ് ആരോപിക്കുന്നു. ഈ വിഷയത്തില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ലണ്ടനിലെ മലയാളി രാജേഷ് കൃഷ്ണയ്‌ക്കെതിരെയും ഷെര്‍ഷാദ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

വിഷയം പോളിറ്റ് ബ്യൂറോ യോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് നേതാക്കള്‍ അറിയിച്ചതെങ്കിലും, ഈ വിഷയം ഇന്ന് യോഗത്തില്‍ ചര്‍ച്ച ചെയ്യുവാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.