ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം ചർച്ച ചെയ്യാൻ സിപിഎം പോളിറ്റ് ബ്യൂറോ ഇന്നും നാളെയുമായി ഡൽഹിയിൽ ചേരും. പരാജയത്തിന്‍റെ കാരണം സംബന്ധിച്ച് വിശദമായ ചർച്ച യോഗത്തിൽ ഉണ്ടാകും. കേരളത്തിലെയും ബംഗാളിലെയും ദയനീയപരാജയം പിബിയിൽ വലിയ ചർച്ചകൾക്ക് വഴിവെക്കും.
കേരളത്തിൽ സിപിഎമ്മിന് ഒരു സീറ്റ് മാത്രം കിട്ടിയ സാഹചര്യവും പശ്ചിമബംഗാളിൽ പാർട്ടി വോട്ടുകൾ ഏതാണ്ട് പൂർണമായി തന്നെ ചോർന്നുപോയതും യോഗം ചർച്ച ചെയ്യും. ഒരു സീറ്റുപോലും ബംഗാളിൽ സിപിഎമ്മിന് ഇല്ല. കേരളത്തിൽ നിന്ന് കിട്ടിയ ഒരു സീറ്റും തമിഴ്‌നാട്ടിൽ നിന്നുള്ള രണ്ട് സീറ്റും മാത്രമാണ് സിപിഎം പതിനേഴാം തെരഞ്ഞെടുപ്പിൽ നേടിയത്. പശ്ചിമ ബംഗാളിൽ സീറ്റുകളൊന്നും ലഭിച്ചില്ലെന്ന് മാത്രമല്ല, സിറ്റിങ്ങ് സീറ്റുകളിലടക്കം പാർട്ടി നാലാമതായിരുന്നു. കേരളത്തിൽ ഭരണത്തിലിരിക്കുന്ന സാഹചര്യത്തിൽ പോലും സിപിഎമ്മിനുണ്ടായത് വൻ പരാജയമാണ്. ഗുരുതരമായ പ്രതിസന്ധിയാണ് സിപിഎം നേരിടുന്നത് എന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. ഇതിന്‍റെ പശ്ചാത്തലത്തിൽ കൂടിയാണ് സിപിഎം പോളിറ്റ് ബ്യൂറോ ചേരുന്നത്. പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്വീകരിച്ച തെരഞ്ഞെടുപ്പ് നയം പാർട്ടി പരിശോധിക്കും. കേരളത്തിലെ പരാജയകാരണം ശബരിമല ഉൾപ്പടെയുള്ള വിഷയങ്ങളാണോ എന്നതടക്കമുള്ള കാര്യങ്ങളും പിബി ചർച്ച ചെയ്യുന്നുണ്ട്. ദേശീയ തലത്തിൽ പാർട്ടിയുടെ പ്രസക്തി പോലും നഷടപ്പെട്ട സാഹചര്യമാണ് നിലനിൽക്കുന്നത്. തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് രൂക്ഷമായ അഭിപ്രായ ഭിന്നത യോഗത്തിൽ ഉണ്ടാകാനാണ് സാധ്യത. ജൂൺ ആദ്യവാരത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റി യോഗവും ചേരുന്നുണ്ട്.