വിവാഹ വാഗ്ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സിപിഎം പഞ്ചായത്തംഗം അറസ്റ്റില്‍

Jaihind News Bureau
Friday, September 25, 2020

വിവാഹ വാഗ്ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സിപിഎം പഞ്ചായത്തംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മക്കരപ്പറമ്പ് പഞ്ചായത്ത് അഞ്ചാം വാർഡ് അംഗവും സിപിഎം പെരിന്താറ്റിരി ബ്രാഞ്ച് സെക്രട്ടറിയുമായ ഫെബിൻ വേങ്ങശ്ശേരിയാണ് അറസ്റ്റിലായത്.

ഈ വർഷം മാർച്ച്‌ മുതൽ പ്രതി യുവതി താമസിക്കുന്ന വീട്ടിലെത്തി പല തവണ പീഡിപ്പിച്ചു. എന്നാൽ യുവതി ഗർഭിണി ആയതറിഞ്ഞപ്പോൾ, പ്രതി നിർബന്ധപൂർവ്വം ഗർഭം അലസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് പരാതി. തുടർന്ന് അവശനിലയിലായ യുവതിയെ സമീപവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്.

പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി മങ്കട പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും തെളിവുകളുടെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ എ എസ് പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിക്കെതിരെ പ്രതിഷേധം കനത്തതോടെ ഇയാളെ പാർട്ടിയുടെ പ്രാഥമിക അംഗതത്വത്തിൽ നിന്നും നീക്കിയതായി സിപിഎം ജില്ലാ നേതൃത്വം അറിയിച്ചു. എന്നാൽ പഞ്ചായത്ത് അംഗത്വം രാജിവെച്ചിട്ടില്ല. പൊലീസ് കേസ് എടുത്തതോടെ പ്രതി ഒളിവിൽ കഴിയുകയായിരുന്നു.