
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടികയെച്ചൊല്ലി സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ കടുത്ത അതൃപ്തിയും വിമര്‍ശനവും. യുവാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്നില്ലെന്നതാണ് നേതൃത്വത്തിനെതിരെ ഉയര്‍ന്ന പ്രധാന പരാതി. പരിചയസമ്പന്നരായ നേതാക്കള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനൊപ്പം പുതിയ മുഖങ്ങളെ പൂര്‍ണ്ണമായും തഴയുന്നത് പാര്‍ട്ടിയുടെ ദീര്‍ഘകാല വളര്‍ച്ചയെ ദോഷകരമായി ബാധിക്കുമെന്ന് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് കമ്മിറ്റിയില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നു. പത്തുവര്‍ഷം മുമ്പ് യുവാക്കളായിരുന്നവര്‍ തന്നെ വീണ്ടും മത്സരിക്കാന്‍ തയ്യാറെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും, നിലവിലെ യുവതലമുറയ്ക്ക് പാര്‍ട്ടി എപ്പോഴാണ് അവസരം നല്‍കുകയെന്നും നേതാക്കള്‍ നേതൃത്വത്തോട് ചോദിച്ചു. പരിചയസമ്പന്നര്‍ക്ക് മുന്‍ഗണന നല്‍കുന്നത് പാര്‍ട്ടിയുടെ ശൈലിയാണെങ്കിലും, തുടര്‍ച്ചയായി പഴയ മുഖങ്ങളെ തന്നെ മത്സരിപ്പിക്കുന്നത് യുവാക്കളില്‍ പാര്‍ട്ടിയോട് അകല്‍ച്ചയുണ്ടാക്കുമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ജില്ലാ കമ്മിറ്റിയുടെ വികാരം മാനിക്കണമെന്നും, കാര്യക്ഷമതയുള്ള യുവതലമുറയെ തഴയുന്നത് തിരഞ്ഞെടുപ്പില്‍ ദോഷകരമായി ബാധിക്കുമെന്നും ചില അംഗങ്ങള്‍ വാദിച്ചു.