ആരോഗ്യ വകുപ്പില്‍ സിപിഎം പിടിമുറുക്കുന്നു : സിപിഎമ്മിനോട് ആലോചിക്കാതെ ആരോഗ്യമന്ത്രി പിആര്‍ഒ യെ നിയമിച്ചതില്‍ പാര്‍ട്ടിക്ക് അതൃപ്തി

Jaihind Webdesk
Sunday, June 20, 2021

ആരോഗ്യ മന്ത്രി വീണാ ജോർജ് സി പി എമ്മിനോട് ആലോചിക്കാതെ പിആർഒയെ തിരഞ്ഞെടുത്തതിൽ പാർട്ടി നേതൃത്വത്തിന് അതൃപ്തി. നിലവിൽ മന്ത്രിയുടെ പിആർ വർക്കുകളും സോഷ്യൽ മീഡിയയും കൈകാര്യം ചെയ്യുന്ന വ്യക്തിയെ മാറ്റി നിർത്താൻ പാർട്ടി മന്ത്രിക്ക് നിർദ്ദേശം നൽകി. ആരോഗ്യ വകുപ്പിൽ പാർട്ടി നിരന്തരമായി നടത്തുന്ന ഇടപെടലുകളിൽ മന്ത്രിക്കും അമർഷം ഉണ്ടെന്നാണ് സൂചന.

മന്ത്രി വീണ ജോർജിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി സിപിഎം സംസ്ഥാന സമിതി അംഗവും എകെജി സെന്‍റർ ഓഫിസ് സെക്രട്ടറിയുമായ കെ.സജീവനെ പാർട്ടി നേതൃത്യം നേരിട്ടാണ് നിയമിച്ചത്. മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിൽ നിയന്ത്രണം കൊണ്ടുവരാൻ സെക്രട്ടേറിയറ്റ് യോഗം തീരുമാനിക്കുകയും പിന്നാലെ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർ പാർട്ടിയിൽനിന്ന് മതിയെന്ന കർശന തീരുമാനവും സി പി എം സ്വീകരിച്ചത് വിവാദമായിരുന്നു. എന്നാൽ സ്റ്റാഫ് നിയമനത്തിൽ മന്ത്രി വീണ ജോർജിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന..

മന്ത്രി വീണ ജോർജ് തിരഞ്ഞെടുത്ത പി.ആർ.ഒയെ നിയമിക്കുന്നതിൽ പ്രൈവറ്റ് സെക്രട്ടറിക്ക് അതൃപ്തിയുണ്ടായിരുന്നു. വീണാ ജോർജിനെ മുന്നിൽ നിർത്തി ആരോഗ്യ വകുപ്പിന്‍റെ ഭരണം പാർട്ടി നേരിട്ട് നടത്താനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് ഇത്തരത്തിൽ മന്ത്രിയുടെ സ്റ്റാഫിന്‍റെ നിയമനത്തിൽ തുടർച്ചയായി സി പി എം തലയിടുന്നത് എന്ന ആക്ഷേപവും ശക്തമാണ്.