ജനങ്ങളെ മനസിലാക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് സിപിഎം; വിമർശനങ്ങള്‍ക്ക് മറുപടിയില്ലാതെ മുഖ്യമന്ത്രി

Jaihind Webdesk
Thursday, June 20, 2024

 

തിരുവനന്തപുരം: ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ വന്ന വീഴ്ചയാണ് തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്ന് തുറന്നു സമ്മതിച്ച് സിപിഎം. ജനങ്ങൾക്ക് നൽകേണ്ടതായ ആശ്വാസ പദ്ധതികൾ കൃത്യതയാർന്ന രീതിയിൽ നൽകാൻ കഴിയാത്തത് തിരിച്ചടിയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്ക് മുൻഗണന നിശ്ചയിച്ച് മാർഗരേഖ പുറത്തിറക്കാനും സിപിഎം തീരുമാനിച്ചു. സംസ്ഥാന കമ്മിറ്റിയുടെ അവസാന ദിവസം ആഭ്യന്തരവകുപ്പിനെതിരെ കനത്ത വിമർശനമാണ് ഉയർന്നത്. എന്നാൽ മുഖ്യമന്ത്രി വിമർശനങ്ങൾക്ക് മറുപടി നൽകിയില്ല.

ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിട്ടതെന്നും ജനങ്ങളു​ടെ മനസറിയുന്നതിൽ ഇടതുപക്ഷം പരാജയപ്പെട്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ജനങ്ങൾക്ക് നൽകേണ്ടതായ ആശ്വാസ പദ്ധതികൾ കൃത്യതയാർന്ന രീതിയിൽ നൽകാൻ കഴിയാത്തത് തിരിച്ചടിയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി തുറന്നു സമ്മതിച്ചു. സംസ്ഥാന കമ്മിറ്റിയുടെ മൂന്നാം ദിവസമായ ഇന്നും മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനും ആഭ്യന്തര വകുപ്പിനു മെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നു. സർക്കാർ പാർട്ടി പരിപാടിക്കും നയങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കണമെന്ന് സംസ്ഥാന സമിതി അംഗങ്ങൾ ആവശ്യപ്പെട്ടു.

ആഭ്യന്തര വകുപ്പിനും പോലീസിനു മെതിരെ രൂക്ഷവിമർശനമാണ് സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നത്. മുഖ്യമന്ത്രിയെ കൂടാതെ മറ്റു ചിലർ പൊലീസിനെ നിയന്ത്രിക്കുന്നുണ്ടെന്നും തൃശൂർ പൂരത്തിലെ പൊലീസ് ഇടപെടൽ സുരേഷ് ഗോപിയെ സഹായിക്കാൻ നടത്തിയതാണെന്നും സമിതിയിൽ വിമർശനം ഉയർന്നു. ഗുണ്ടകളെ തടയുന്നതിലും സ്ത്രീ സുരക്ഷയിലും പോലീസ് പരാജയമാണെന്നും സംസ്ഥാന സമതിയിൽ വിമർശനം ഉയർന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന വിമർശനങ്ങളോട് മുഖ്യമന്ത്രി പ്രതികരിക്കുകയോ മറുപടി പറയുകയോ ചെയ്തില്ല. മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെ കഴിഞ്ഞദിവസം വളരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. സിപിഎമ്മിന്‍റെ സമീപകാല ചരിത്രത്തിൽ ഒരിക്കലും ഉയരാത്ത വിമർശനങ്ങളാണ് മുഖ്യമന്ത്രിക്കെതിരെ സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നിരിക്കുന്നത്.