ഇടുക്കി: ഇടുക്കി ശാന്തൻപാറയിലെ സിപിഎം ഓഫീസ് നിർമ്മാണത്തിൽ എൻഒസിക്കായുള്ള അപേക്ഷ ജില്ല കളക്ടർ നിരസിച്ചു. കോടതി നിർദ്ദേശ പ്രകാരമാണ് എൻഒസിക്ക് അപേക്ഷിച്ചത്. ഗാർഹികേതര ആവശ്യത്തിനാണ് നിർമ്മാണം എന്ന് കണ്ടെത്തിയാണ് അപേക്ഷ നിരസിച്ചത്. കെട്ടിടം നിർമ്മിച്ചതിൽ പന്ത്രണ്ട് ചതുരശ്ര മീറ്റർ പട്ടയമില്ലാത്ത ഭൂമിയിലുമാണ്.
48 ചതുരശ്ര മീറ്റർ റോഡ് പുറമ്പോക്ക് കൈവശം വച്ചിരിക്കുന്നതായും കണ്ടെത്തി.
ബൈസൺവാലി, ശാന്തൻപാറ സിപിഐഎം ഏരിയ കമ്മറ്റി ഓഫീസുകളുടെ നിർമ്മാണം അനധികൃതമായിട്ടാണെന്ന പരാതി ഉയർന്നതിനെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ആദ്യ നിർദ്ദേശം. നിർമ്മാണ നിരോധനം നിലനിൽക്കുന്ന മേഖലയിൽ വാങ്ങാതെയുള്ള നിർമാണത്തിനും കോടതി തടയിട്ടിരുന്നു. പക്ഷേ, ആ നിർദ്ദേശം കാറ്റിൽ പറത്തിയാണ് ശാന്തൻപാറ ഏരിയ കമ്മറ്റി ഓഫീസ് നിർമ്മാണം നടന്നത്.
നിർമാണം നിർത്തിവെക്കണമെന്ന കോടതി നിർദ്ദേശം വന്നതിന് പിന്നാലെ രാത്രിയിൽ തൊഴിലാളികളെ എത്തിച്ചാണ് ജോലികൾ പൂർത്തിയാക്കിയത്. പിന്നീട് കോടതി നിർദ്ദേശത്തെ തുടർന്ന് സിപിഎം നേതാവ് വി എൻ മോഹനൻ കേസിൽ ചേരുകയും റവന്യൂ വകുപ്പിൽ നിന്നുള്ള എൻഒസി വാങ്ങാൻ ഉള്ള അപേക്ഷയും നൽകി. ഈ എൻഒസിക്കായുള്ള അപേക്ഷയാണ് ജില്ല കളക്ടർ ഷീബ ജോർജ് നിരസിച്ചത്. ഗാർഹികേതര ആവശ്യത്തിനാണ് നിർമ്മാണം എന്ന് കണ്ടെത്തിയാണ് നിരസിച്ചത്.
കെട്ടിടം നിർമ്മിച്ചതിൽ പന്ത്രണ്ട് ചതുരശ്ര മീറ്റർ പട്ടയമില്ലാത്ത ഭൂമിയിലുമാണ്. 48 ചതുരശ്ര മീറ്റർ റോഡ് പുറമ്പോക്ക് കൈവശം വച്ചിരിക്കുന്നതായും കണ്ടെത്തി.