സിപിഎം ‘മൂട് താങ്ങികളുടെ പാര്‍ട്ടി’യായി മാറി; വി.എസ് ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെയാകില്ലായിരുന്നു: കെ.സി. രാജഗോപാല്‍

Jaihind News Bureau
Tuesday, December 16, 2025

തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പത്തനംതിട്ട സിപിഎമ്മില്‍ പൊട്ടിത്തെറി. തദ്ദേശ തെരഞ്ഞെടുപ്പില്‍ തന്നെ കാലുവാരിയെന്ന മുതിര്‍ന്ന സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ കെ സി രാജഗോപാലിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി മുന്‍ ജില്ലാ കമ്മിറ്റിയംഗം കെ പ്രകാശ് ബാബു രംഗത്ത് എത്തി. മലര്‍ന്നു കിടന്നു തുപ്പരുത് എന്നും പാര്‍ട്ടിയില്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി നിന്ന പഴയകാലം കെ.സി.ആര്‍ മറക്കരുതെന്നും അടക്കമുള്ള കാര്യങ്ങളാണ് എഫ് ബി പോസ്റ്റില്‍ ഉള്ളത്. അതേസമയം പ്രകാശ് ബാബുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സി രാജഗോപാല്‍ രംഗത്ത് എത്തി. സിപിഎം മൂട് താങ്ങികളുടെ പാര്‍ട്ടിയായി മാറിയെന്നും വിഎസ് ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ ആകില്ലായിരുന്നുവെന്നുമുള്ള കടുത്ത വിമര്‍ശനമാണ് കെ സി രാജഗോപാല്‍ നടത്തിയത്.

കാലുവാരി തോല്‍പ്പിക്കാന്‍ നോക്കിയ കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി.വി. സ്റ്റാലിനും കൂട്ടര്‍ക്കുമെതിരെ ശക്തമായ നടപടി കെ സി രാജഗോപാല്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മുന്‍ ജില്ലാ കമ്മിറ്റിയംഗം കെ പ്രകാശ്്ബാബു എഫ് ബി പോസ്റ്റിട്ടത്. മലര്‍ന്നു കിടന്നു തുപ്പരുത് എന്ന പരിഹാസത്തോടെയാണ് പോസ്റ്റ്. പാര്‍ട്ടിയില്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി നിന്ന പഴയകാലം കെ.സി.ആര്‍ മറക്കരുത്. പാര്‍ട്ടിയിലെ ഗ്രൂപ്പ് ആധിപത്യകാലത്ത് വിഎസ് പക്ഷത്തുനിന്ന് നിരവധി പേരെ അങ്ങ് ശിരച്ഛേദം നടത്തി. അനര്‍ഹര്‍ക്ക് താല്‍ക്കാലിക ലാഭത്തിനുവേണ്ടി അവസരങ്ങള്‍ നല്‍കിയതിന്റെ ഫലമാണ് കെ സി രാജഗോപാലന്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്നും കെ പ്രകാശ് ബാബു എഫ്ബിയില്‍ എഴുതി.

എഫ് ബി പോസ്റ്റിന് പിന്നാലെ നിലപാട് കടുപ്പിച്ച് കെ സി രാജഗോപാല്‍ വീണ്ടും രംഗത്ത് എത്തി. മൂട് താങ്ങികളുമായി മുന്നോട്ടു പോയാല്‍ സിപിഎം തകരും. മെഴുവേലിയില്‍ തന്നെ കാലുവാരി തോല്‍പ്പിക്കാന്‍ ശ്രമിച്ച കോഴഞ്ചേരി ഏരിയ സെക്രട്ടറി സ്റ്റാലിനെ പോലുള്ളവര്‍ പാര്‍ട്ടിയില്‍ ഉണ്ടാകാന്‍ പാടില്ല. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നെന്നും കെ സി രാജാഗോപാലന്‍ വ്യക്തമാക്കി.

തോല്‍വി സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കാനായിരുന്നു കെ സി ആറിന്റെ തീരുമാനം. എന്നാല്‍ പാര്‍ട്ടി വിശദീകരണം ചോദിച്ചാല്‍ മറുപടി നല്‍കാം എന്ന നിലപാടിലാണ് ഇപ്പോള്‍ രാജഗോപാല്‍. അതേസമയം കെ സി രാജഗോപാല്‍ നടത്തിയത് സിപിഎം വിരുദ്ദ പരാമര്‍ശമെന്ന വിലയിരുത്തലിലാണ് നേതൃത്വം. രാജഗോപാലിന്റെ പരാമര്‍ശം പാര്‍ട്ടിയില്‍ തന്നെ പൊട്ടിത്തെറിയായ സാഹചര്യത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കുന്നത്.