തോൽവിയിൽ പാഠം പഠിക്കാതെ സിപിഎം; പിണറായി ‘ഒറ്റയാള്‍ പട്ടാളം’ എന്ന് സിപിഐ; എല്‍ഡിഎഫിന്‍റെ നിർണായക യോഗം ഇന്ന്

Jaihind News Bureau
Tuesday, December 16, 2025

തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ, പരാജയകാരണങ്ങളെച്ചൊല്ലിയുള്ള ഭിന്നതകൾക്കിടെ ഇടതുമുന്നണി  യോഗം ഇന്ന് ചേരും. തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള വിലയിരുത്തലുകളിൽ സിപിഎമ്മും സിപിഐയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ തുടരുകയാണ്. ശബരിമല സ്വർണ്ണക്കൊള്ള കേസും സർക്കാരിനെതിരായ ശക്തമായ ഭരണവിരുദ്ധ വികാരവുമാണ് തോൽവിക്ക് പ്രധാന കാരണം എന്ന ശക്തമായ നിലപാടാണ് സിപിഐ മുന്നോട്ട് വെക്കുന്നത്. എന്നാൽ, ഇത്രയും വലിയ പരാജയമുണ്ടായിട്ടും യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാനോ പാഠം പഠിക്കാനോ സിപിഎം തയ്യാറാകുന്നില്ലെന്നാണ് സിപിഐയുടെ ആക്ഷേപം. പരാജയത്തിന്റെ യഥാർത്ഥ കാരണങ്ങൾ മറച്ചുപിടിച്ച് സിപിഎം ഭിന്നാഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത് മുന്നണിയിൽ വലിയ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.

സിപിഐയുടെ ആഭ്യന്തര യോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യപരമായ ശൈലിക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. മുന്നണിയിലെ സഖ്യകക്ഷികളെ വിശ്വാസത്തിലെടുക്കാതെ, മുഖ്യമന്ത്രി ഒരു ‘ഒറ്റയാൾ പട്ടാളം’ പോലെയാണ് പെരുമാറുന്നതെന്ന കടുത്ത വിമർശനം സിപിഐ ഉന്നയിച്ചു. മുന്നണി മര്യാദകളും ചർച്ചകളും പാലിക്കാതെ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്ന മുഖ്യമന്ത്രിയുടെ രീതികളാണ് ഈ തിരിച്ചടിക്ക് വഴിയൊരുക്കിയതെന്നും സിപിഐ വിലയിരുത്തുന്നു. ശബരിമലയിലെ വിവാദങ്ങൾ, ശക്തമായ ഭരണവിരുദ്ധ വികാരം, മുഖ്യമന്ത്രിയുടെ ഏകാധിപത്യ ശൈലി എന്നിവയെല്ലാം ഇന്ന് നടക്കുന്ന മുന്നണിയോഗത്തിൽ ചൂടേറിയ ചർച്ചകൾക്ക് കളമൊരുക്കുമെന്നാണ് രാഷ്ട്രീയ  വിലയിരുത്തൽ.