നവകേരള രേഖ പാര്‍ട്ടി ലൈന്‍ ആണോ ? 52 അല്ല ഒററ വെട്ടിനു സിപിഎമ്മിനെ തീര്‍ക്കാനുള്ള നയമെന്ന് വിമര്‍ശനം

Jaihind News Bureau
Saturday, March 8, 2025

കൊല്ലം കണ്ടവന് ഇല്ലം വേണ്ടെന്നാണ് പഴമൊഴി. കൊല്ലത്ത് സിപിഎം സമ്മേളനത്തില്‍ കാസര്‍ഗോഡു നിന്നും കണ്ണൂരു നി്ന്നുമൊക്കെ എത്തിയ സഖാക്കന്മാര്‍ ഇപ്പോ സ്വന്തം കൈകളിലും ചെവിയിലുമൊക്കെ നുള്ളി നോക്കുകയാണ്. ഞാന്‍ ജീവിച്ചിരിപ്പുണ്ടോ… എന്നാണവര്‍ക്ക് സംശയം. കാരണം മറ്റൊന്നുമല്ല, വിപ്‌ളവം സ്വപ്‌നം കണ്ട് പൊതു മേഖലയ്ക്കും പൊതു വിദ്യാഭ്യാസത്തിനും ഒക്കെ അനുകൂലമായി സിന്ദാബാദ് വിളിച്ച് കൊല്ലത്തെത്തിയവര്‍ തിരിച്ചു പോകേണ്ടത് കുത്തകമുതലാളിമാര്‍ക്കും സ്വകാര്യവല്‍ക്കണത്തിനുമൊക്കെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ്. ഇതാണ് മാറ്റം, റിവിഷനിസം, റാഷണലായ മാറ്റം.

പക്ഷേ, ഇനി കൊല്ലത്തു നി്ന്ന് തിരിച്ചു പോകേണ്ട എന്നു ചിന്തിക്കുന്നവരും ഉണ്ടെന്നാണ് അറിയുന്നത്. മുഖാമുഖത്തിലെ ശ്രീധരനെ പോലെ പാര്‍ട്ടി നയത്തിലെ അപ്രതീക്ഷിത തിരിച്ചടിയില്‍ തരിച്ചിരിക്കുന്ന സഖാക്കളാണിവര്‍. എന്നാലും ഇതു തന്നെയാണോ സഖാവു പറഞ്ഞത് എന്ന് സ്വന്തം ചെവിയേയും കണ്ണിനേയും വിശ്വസിക്കാനാവാത്ത അവസ്ഥയിലാണിവര്‍. നവകേരള രേഖയൊക്കെ കൊള്ളാം, എന്നാല് നമ്മുടെ നയങ്ങളോടും ആശയങ്ങളോടും ചേര്‍ന്ന് നില്‍ക്കുന്നതാണോ എന്ന് പരിശോധിക്കണംഎന്നാണ് ഏങ്ങലടി മനസ്സിലൊതുക്കി ഇവര്‍ ചോദിക്കുന്നത്. എന്നു പറഞ്ഞാല്‍ ആളുകളില്‍ നിന്ന് ഫീസ് ഈടാക്കി സേവനം നല്‍കുന്നത് പാര്‍ട്ടി ലൈന്‍ ആണോ എന്നാണ് മില്യന്‍ ഡോളര്‍ ചോദ്യം

മുഖ്യമന്ത്രി അവതരിപ്പിച്ച നവ കേരള രേഖ പാര്‍ട്ടി ലൈന്‍ ആണോ എന്ന സംശയമാണ് അന്തങ്ങള്‍ ഉള്‍പ്പെടെയുള്ള സഖാക്കള്‍ക്ക് ഉണ്ടായിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇനി എങ്ങനെ നോക്കും എന്ന ആശങ്കയും ഇവര്‍ക്കുണ്ടായിട്ടുണ്ട്. ഉറങ്ങിയെഴുന്നേറ്റപ്പോള്‍ ആളുമാറിപ്പോയെന്നു പറയാന്‍ കഴിയാത്തതിനാല്‍ …ഒന്നും വേണ്ട ചത്തപോലെ കിടക്കാം എന്നാണ് സഖാക്കളുടെ ആശയറ്റ തീരുമാനം.

പിണറായി വിജയന്‍ തന്റെ സൗകര്യവും ലക്ഷ്യവും നേടാന്‍ പാര്‍ട്ടിയെ കരുവാക്കുകയാണ്. 64ല്‍ ഉണ്ടായ കാലം മുതല്‍ ഉയര്‍ത്തിപ്പിടിച്ച പാര്‍ട്ടി മൂല്യങ്ങളാണ് വെറും മൂന്നുമണിക്കൂര്‍ ചര്‍ച്ചയില്‍ അംഗീകാരം കാത്തു നില്‍ക്കുന്നത്. എന്തൊരു പരാജയമാണ്. ഇത് 52 വെട്ടു കൊണ്ടല്ല, ഒറ്റവെട്ടിന് പാര്‍ട്ടിയെ കൊന്നതുപോലെയുണ്ട്. തുടര്‍ ഭരണം എന്ന മോഹനവാഗ്ദാനത്തില്‍ കുരുക്കി പാര്‍ട്ടിയെ തനിക്കിഷ്ടമുള്ളതു പോലെ കൊണ്ടുപോവുകയാണ് പിണറായി. ബുദ്ധിയും ബോധവുമില്ലാത്ത കൂട്ടരായി സിപിഎം അണികള്‍ മാറിയിരിക്കുന്നു. മുഖ്യമന്ത്രി അതായത് ഉത്തമാ… എന്ന ശൈലിയില്‍ വിശദീകരിക്കുന്നതോടെ ഇന്നലെ വരെ പ്ലീനത്തിലും പാര്‍ട്ടി സമ്മേളനങ്ങളിലുമൊക്കെ പേര്‍ത്തുംപേര്‍ത്തും ചര്‍ച്ചചെയ്തും സമരം ചെയ്തുമൊക്കെ നേടിയ നിലപാടുകള്‍ പിണറായിയുടെ കാല്‍ച്ചുവട്ടില്‍ അമരുകയാണ്. ഇതാണ് സഖാവേ സ്്റ്റാലിനിസം… അടിമത്തം.

മുഖ്യമന്ത്രിയുടെ മറുപടിയോടെ നവകേരളത്തിന്റെ പുതുവഴികള്‍ എന്ന ഈ രേഖ അംഗീകരിക്കപ്പെടും. പിണറായി എഴുതി തുടങ്ങിയപ്പോഴെ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് സെക്രട്ടറി എം വി ഗോവിന്ദന്‍. ഈ ലൈന്‍ തിരുത്തേണ്ട ആളാണ് യോഗത്തില്‍ രേഖയ്ക്കു പിന്തുണ സമാഹരിച്ച് ചൂട്ടു പിടിക്കുന്നത്. രേഖയ്ക്ക് സമ്മേളനത്തില്‍ വന്‍ സ്വീകാര്യതയെന്നാണ് ആരെങ്കിലും ഇതേക്കുറിച്ച് ചോദ്യം ചോദിക്കും മുമ്പു തന്നെ എം വി ഗോവിന്ദന്‍ പറഞ്ഞത്. മുഖ്യമന്ത്രിയുടെ മറുപടിയോടെ രേഖ സമ്മേളനം അംഗീകരിക്കും. തുടര്‍ന്ന് പൊതുസമൂഹത്തിലും ഇടതുമുന്നണിയിലും ചര്‍ച്ച ചെയ്യുമെന്ന് സംസ്ഥാന സെക്രട്ടറി പറയുന്നു.

ഡാമുകളിലെ മണല്‍ വാരലും കരിമണല്‍ മേഖലയും ഉള്‍പ്പെടെ വിഭവസമാഹരണത്തിനാണ് സിപിഎം ലക്ഷ്യം വയ്ക്കുന്നത്. പൊതുമേഖലാസ്ഥാപനങ്ങളില്‍ സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പിലാക്കുവാനും രേഖ ലക്ഷ്യം വെക്കുന്നു. ഇങ്ങനെ പൂര്‍ണ്ണമായും റിവിഷനിസ്റ്റുകളുടെ കക്ഷത്തിലാണ് പാര്‍ട്ടി ഇപ്പോള്‍