ആലപ്പുഴ: പാര്‍ട്ടി നേതാക്കള്‍ക്കെതിരെ മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ജി. സുധാകരന്‍ നടത്തിയ തുടര്‍ച്ചയായ പരസ്യ വിമര്‍ശനങ്ങളോടുള്ള അതൃപ്തി നിലനില്‍ക്കെ അനുനയ നീക്കവുമായി സി.പി.എം. രംഗത്ത്. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം കേന്ദ്രകമ്മിറ്റി അംഗം സി.എസ്. സുജാത, ജില്ലാ സെക്രട്ടറി ആര്‍. നാസര്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. സത്യപാലന്‍ എന്നിവര്‍ ആലപ്പുഴയിലെ സുധാകരന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി.
പ്രായപരിധി നിബന്ധനയുടെ പേരില്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതുമുതല്‍ ജില്ലയിലെ പാര്‍ട്ടി പരിപാടികളില്‍ സുധാകരനെ കാര്യമായി പങ്കെടുപ്പിക്കാത്തതില്‍ അദ്ദേഹത്തിന് അതൃപ്തിയുണ്ടായിരുന്നു. ഒരു വിഭാഗം പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും നടത്തിയ സൈബര്‍ അധിക്ഷേപങ്ങളെക്കുറിച്ച് പലതവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിലും അദ്ദേഹം പ്രതിഷേധം അറിയിച്ചു.
മന്ത്രി സജി ചെറിയാന്‍ പാര്‍ട്ടിയോട് ചേര്‍ന്നു പോകണമെന്ന് സുധാകരനോട് പരസ്യമായി പ്രസ്താവിച്ചത് അദ്ദേഹത്തെ ചൊടിപ്പിച്ചു. ഇതാണ് സുധാകരന്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തുവരാന്‍ പ്രധാന കാരണം.
കൂടിക്കാഴ്ചയില്‍, സൈബര്‍ ആക്രമണങ്ങള്‍ നടത്തിയ ചില പ്രാദേശിക നേതാക്കളെയും പ്രവര്‍ത്തകരെയും സംരക്ഷിക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നതിലുള്ള തന്റെ അതൃപ്തി സുധാകരന്‍ അറിയിച്ചു. പരാതികളില്‍ പാര്‍ട്ടി സ്വീകരിച്ച നടപടികള്‍ നേതാക്കള്‍ വിശദീകരിച്ചെങ്കിലും, നടപടികളില്‍ തൃപ്തനല്ലെന്ന് ജി. സുധാകരന്‍ അറിയിച്ചു.
കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ഇനിയും സമയങ്ങളുണ്ടല്ലോ, നമുക്ക് കാണാം’ എന്നായിരുന്നു സുധാകരന്റെ മറുപടി. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കുന്ന ഘട്ടത്തില്‍, സുധാകരനെപ്പോലെ സ്വാധീനമുള്ള നേതാവിനെ അകറ്റി നിര്‍ത്തുന്നത് തിരിച്ചടിയാകുമെന്ന ചിന്തയാണ് അനുനയ നീക്കത്തിന് പിന്നില്‍.