കൊച്ചി കോർപ്പറേഷനിൽ നാടകീയ നീക്കങ്ങൾ. ടൗൺ പ്ലാനിംഗ് കമ്മിറ്റിക്കെതിരെ യുഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നല്കി. കമ്മിറ്റിയിലെ ഇടതംഗം യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കും.
ഇടതുപക്ഷം ഭരിക്കുന്ന കൊച്ചി നഗരസഭയിൽ നഗര ആസൂത്രണ സ്ഥിരം സമിതി അധ്യക്ഷനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. അതിനിടെ കോർപ്പറേഷനിലെ സിപിഎം കൗൺസിലർ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. ആറാം ഡിവിഷൻ കൗൺസിലർ എംഎച്ച്എം അഷ്റഫ് ആണ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. പുതിയ സാഹചര്യത്തിൽ സ്ഥിരം സമിതിയിൽ യുഡിഎഫിനാണ് മേൽക്കൈ. കോർപറേഷൻ ചെയർമാന്റെ ഏകപക്ഷീയമായ തീരുമാനങ്ങളിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നല്കിയിരിക്കുന്നത്. കേബിൾ പദ്ധതിയിലടക്കം വൻ അഴിമതിയാണ് നടന്നിട്ടുള്ളതെന്ന് പ്രതിപക്ഷം ആരോപിച്ചു.
ടൗൺ പ്ലാനിംഗ് കമ്മിറ്റിയെ നോക്കുകുത്തിയാക്കുന്ന സമീപനമാണ് ചെയർമാൻ സ്വീകരിച്ചിരിക്കുന്നതെന്ന് അവിശ്വാസത്തെ അനുകൂലിക്കുന്ന ഇടത് കൗൺസിലർ എംഎച്ച്എം അഷ്റഫ് ആരോപിച്ചു. കൗൺസിലിന്റെ അംഗീകാരമില്ലാത്ത നിരവധി പദ്ധതികളിലൂടെ കോടികളുടെ അഴിമതിക്കാണ് ഇടതുപക്ഷക്കാരനായ ചെയർമാൻ കൂട്ടുനില്ക്കുന്നതെന്നും ചെയർമാന്റെ നീക്കങ്ങൾ ഇടത് മൂല്യങ്ങൾക്ക് എതിരാണെന്നും പ്രമേയത്തെ അനുകൂലിക്കുന്ന ഇടത് കൗൺസിലർ ആരോപിച്ചു.
ഒരു അംഗം മരിച്ചതിനെത്തുടർന്ന് നിലവിൽ 8 അംഗങ്ങളാണ് ടൗൺ പ്ലാനിംഗ് കമ്മിറ്റിയിലുള്ളത്. ഇടത് അംഗം കൂടി പിന്തുണച്ചതോടെ കമ്മിറ്റിയിൽ യുഡിഎഫിന് അഞ്ചംഗങ്ങളായി. പ്രതിപക്ഷ നേതാവ് ആന്റണി കരീത്തറ, പ്ലാനിംഗ് കമ്മിറ്റി അംഗങ്ങളായ എ.ആർ പത്മദാസ്, സക്കീർ തമ്മനം, മിനി ദിലീപ്, സുജ ലോനപ്പൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.