സി പി എം പ്രവർത്തകയായ ഏജന്‍റ് നൂറിലധികം പേരുടെ പണം തട്ടിയെടുത്തെന്ന് പരാതി

Jaihind Webdesk
Tuesday, June 15, 2021

വടകര : തപാൽ വകുപ്പിന്‍റെ സമ്പാദ്യ പദ്ധതിയുടെ മറവിൽ മണിയൂരിലെ ഏജന്‍റ് പി.ശാന്ത ലക്ഷങ്ങൾ തട്ടിയതായി പരാതി. എളമ്പിലാട്, മുതുവന, കുറുന്തോടി, കുന്നത്തുകര പ്രദേശങ്ങളിലെ നൂറിലധികം വീട്ടമ്മമാരുടേതായി വൻതുക ഇവർ സ്വന്തമാക്കിയെന്നാണ് ആരോപണം. അഞ്ച് വർഷത്തേക്കുള്ള മൂന്ന് ലക്ഷം രൂപ വരെ നിക്ഷേപം വരുന്ന പദ്ധതികളിലാണ് തട്ടിപ്പെന്ന് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങിയതായി പയ്യോളി പൊലീസ് വ്യക്തമാക്കി.

മാസംതോറും വീടുകളിൽ നിന്ന് പണം ശേഖരിക്കുന്നത് കാർഡിൽ രേഖപ്പെടുത്തി നൽകുന്നുണ്ടെങ്കിലും തുക വടകര ഹെഡ് പോസ്റ്റ് ഓഫീസിൽ അടച്ചിട്ടില്ലന്ന് നിക്ഷേപകരുടെ അന്വേഷണത്തിൽ വ്യക്തമായി. മൂന്ന് ലക്ഷം രൂപ നിക്ഷേപിച്ച കുറുന്തോടി സ്വദേശിയായ വീട്ടമ്മയുടെ പേരിൽ അടച്ചത് 10000 രൂപ മാത്രമാണ്. പാസ് ബുക്കിലെ യഥാർത്ഥ പേര് വെട്ടിമാറ്റി വ്യാജ പാസ് ബുക്ക് നൽകി മറ്റൊരാളുടെ മൂന്ന് ലക്ഷം രൂപയും തട്ടിച്ചതായി ആക്ഷേപമുണ്ട്. 2015 ൽ തുടങ്ങിയ നിക്ഷേപത്തിന്‍റെ കാലാവധി 2020 സെപ്തംബറിൽ അവസാനിച്ചെങ്കിലും തുക തിരിച്ചു നൽകാതെ നീട്ടിക്കൊണ്ടു പോവുകയായിരുന്നു.

സി.പി.എം പ്രവർത്തകയായ ഏജന്‍റിന് നിയമനം ലഭിച്ചത് തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വഴിയാണ്. തട്ടിപ്പിനിരയായ നിരവധി പേർ പരാതിയുമായി ബ്ലോക്ക് ഓഫീസിലും എത്തിയിട്ടുണ്ട്. സി.പി.എം പ്രാദേശിക നേതൃത്വം സംഭവത്തിൽ ഇടപെട്ടിരുന്നെകിലും ഏതാണ്ട് 40 ലക്ഷം രൂപയുടെ ബാധ്യത ഉണ്ടെന്നറിഞ്ഞതോടെ പിന്മാറുകയായിരുന്നുവെന്ന് പരാതിക്കാരിൽ ചിലർ പറയുന്നു.