സിപിഎം യോഗ നടപടികള്‍ ഫോണില്‍ റെക്കോർഡ് ചെയ്തു ; ബ്രാഞ്ച് സെക്രട്ടറിക്ക് ‘പണികിട്ടി’

Jaihind News Bureau
Monday, March 1, 2021

കോട്ടയം : സി.പി.എം ബ്രാഞ്ച് കമ്മിറ്റി യോഗത്തിന്‍റെ നടപടികള്‍ ഫോണിൽ റെക്കോർഡ് ചെയ്ത ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി.  സി.പി.എം വടവാതൂർ ഇ.എസ്.ഐ ബ്രാഞ്ച് സെക്രട്ടറി എൻ.എൻ ദിവാകരനെയാണ് സ്ഥാനത്തുനിന്ന് നീക്കിയത്. യോഗത്തിനിടെ ബ്രാഞ്ച് സെക്രട്ടറിയുടെ ഫോണില്‍ വോയിസ്‍ റെക്കോർഡർ ഓണ്‍ ആയിക്കിടക്കുന്നത് മറ്റൊരു അംഗം കാണുകയും ഇത് എന്താണെന്ന് ആരായുകയും ചെയ്തു.

ഇതിനുളള ബ്രാഞ്ച് സെക്രട്ടറിയുടെ മറുപടിയോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ഈ യോഗം മാത്രമല്ല, എല്ലാ യോഗങ്ങളും താന്‍ റെക്കോർഡ് ചെയ്യാറുണ്ടെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി. ഇതോടെ വിഷയത്തില്‍ ഏരിയാ കമ്മിറ്റി ഇടപെടുകയും തുടർന്ന് ദിവാകരനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു.

യോഗത്തിന്‍റെ വിശദാംശങ്ങള്‍ വേഗത്തില്‍ എഴുതിയെടുക്കാനാവാത്തതുകൊണ്ടാണ് ഇത്തരത്തില്‍ ചെയ്തതെന്ന ദിവാകരന്‍റെ വിശദീകരണം ഏരിയാകമ്മിറ്റി ചെവിക്കൊണ്ടില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ താന്‍ രാജിവെക്കുകയായിരുന്നുവെന്നും ദിവാകരന്‍ പറയുന്നു. 3 വർഷം മുൻപായിരുന്നു ബ്രാഞ്ച് സെക്രട്ടറിയായി നിയമിതനായത്.