കുറ്റ്യാടിയിലെ പരസ്യ പ്രതിഷേധം ; സിപിഎം എംഎല്‍എ കെപി കുഞ്ഞമ്മദ് കുട്ടിക്കെതിരെ നടപടിക്ക് സാധ്യത

Jaihind Webdesk
Friday, July 2, 2021

നിയമസഭാ തെരഞ്ഞടുപ്പിലെ സീറ്റ് വിഭജനതര്‍ക്കവും പ്രതിഷേധപ്രകടനവുമായി ബന്ധപ്പെട്ട് കുറ്റ്യാടി എം.എൽ.എ കെ.പി കുഞ്ഞമ്മദ് കുട്ടിക്കെതിരെ സി.പി.എം നടപടിയെടുക്കാൻ സാധ്യത. കോഴിക്കോട് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്താൻ ജില്ലാ സെക്രട്ടേറിയറ്റ് നിർദേശം നൽകി. വിഷയത്തില്‍ അന്തിമ തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റേതാകും.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണി തീരുമാനപ്രകാരം കുറ്റ്യാടി സീറ്റ് സി.പി.എം, കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കുകയായിരുന്നു. മുഹമ്മദ് ഇക്ബാലിനെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കുകയും ചെയ്തു. ഇതിനെതിരെ സി.പി.എം പ്രാദേശിക നേതാക്കളില്‍ ചിലരും അംഗങ്ങളും നൂറുകണക്കിന് പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

പ്രതിഷേധം കനത്തതോടെ കേരള കോണ്‍ഗ്രസ് എം പിന്മാറുകയും സീറ്റ് സി.പി.എം ഏറ്റെടുത്ത് കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ഥിയാക്കുകയുമായിരുന്നു. സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം മാറ്റേണ്ടിവന്ന സാഹചര്യം സൃഷ്ടിച്ചതില്‍ കുഞ്ഞമ്മദ് കുട്ടിക്ക് കൃത്യമായ പങ്കുണ്ടെന്നത് നിഷേധിക്കാനാവില്ല. അതിനാല്‍ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തണമെന്നാണ് ജില്ലാ സെക്രട്ടേറിയറ്റില്‍ ഉയര്‍ന്ന നിര്‍ദേശം.