ആകാശ് തില്ലങ്കേരിയെ പൂട്ടി സിപിഎം; കാപ്പ ചുമത്തി അറസ്റ്റ്; 6 മാസം തടവിനും ഉത്തരവ്

Jaihind Webdesk
Monday, February 27, 2023

കണ്ണൂര്‍ : ആകാശ് തില്ലങ്കേരിയെ പൂട്ടി സിപിഎം. കാപ്പ ചുമത്തി അറസ്റ്റു ചെയ്തത്  കണ്ണൂര്‍ മുഴക്കുന്ന് പോലീസ്. ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം കാപ്പ നിയമ വകുപ്പ് 3 ചുമത്തിയാണ് അറസ്റ്റ്.  6മാസം തടവിനും ഉത്തരവ്.

ക്വട്ടേഷൻ തലവനായ ആകാശ് തില്ലങ്കേരിയുടെ 4 വർഷത്തെ കേസുകൾ പരിശോധിച്ച ശേഷമായിരുന്നു പൊലീസ് നടപടി. അറസ്റ്റിന് പിന്നിൽ സി പി എമ്മിന്റെ രാഷ്ട്രീയ സമ്മർദവുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരി കഴിഞ്ഞ ദിവസമാണ് സിപിഎമ്മിനെതിരെ  വിവാദ ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയത്.

ഡി.വൈ.എഫ്‌.ഐ വനിതാ നേതാവിനെ സോഷ്യല്‍ മീഡിയ വഴി  അപമാനിച്ച കേസിൽ അടുത്തിടെയാണ് ആകാശ് തില്ലങ്കേരിക്ക് ജാമ്യം ലഭിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതിയിലാണ് ആകാശിനും കൂട്ടാളികൾക്കുമെതിരെ കേസെടുത്തിരുന്നത്.

പകല്‍ കടുത്ത പാര്‍ട്ടി പ്രവര്‍ത്തകരും രാത്രിയില്‍ സ്വര്‍ണ്ണക്കടത്തും ക്വട്ടേഷന്‍ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുന്ന ആകാശ് തില്ലങ്കേരിയും കൂട്ടരും കുറച്ചു നാളായി പാര്‍ട്ടിക്ക് ഭീഷണിയുമായി നിലനില്‍ക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ സിപിഎം പ്രചാരകരായി തുടരുകയായിരുന്നു സംഘത്തെ കഴിഞ്ഞ ദിവസം പി ജയരാജന്‍ പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു. ഫേസ്ബുക്കിലെ പി. ജയരാജനായി വാദിക്കുന്ന പിജെ ആര്‍മിയുടെ സൈബര്‍ പോരാളികളാണ് ആകാശ് തില്ലങ്കേരിയും കൂട്ടരും.