തിരുവനന്തപുരം: സി.പി.എമ്മിലെ കത്ത് ചോര്‍ച്ച വിവാദത്തില്‍ ആരോപണവിധേയനായ വ്യക്തിക്ക് പാര്‍ട്ടി നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സി.പി.എം. നേതാക്കളുടെ അറിവോടെയാണ് ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവങ്ങളിലൂടെ പാര്‍ട്ടിയുടെ ആരും കാണാത്ത മറ്റൊരു മുഖമാണ് പുറത്തുവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പോളിറ്റ് ബ്യൂറോയ്ക്ക് നല്കിയ കത്ത് എങ്ങനെ പുറത്തുവന്നു എന്നതിലാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്. ‘ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങളുള്ള കത്താണിത്. ബാങ്ക് അക്കൗണ്ടുകള്‍ വഴി വന്‍ തുക കൈമാറിയിട്ടുണ്ട്. ആരോപണവിധേയനായ വ്യക്തി ലോക കേരള സഭയില്‍ അംഗമായത് സി.പി.എം. നേതാക്കളുമായുള്ള ബന്ധം ഉപയോഗിച്ചാണ്’, സതീശന് പറഞ്ഞു.
നേരത്തെ പോളിറ്റ് ബ്യൂറോയില്‍ കൊടുത്ത കത്ത് പാര്‍ട്ടി മൂടിവയ്ക്കാന്‍ ശ്രമിച്ചെന്നും, അത് പുറത്തായതുകൊണ്ടാണ് വിവാദമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകന്റെ കൈവശം കത്തിന്റെ പകര്‍പ്പ് എങ്ങനെ എത്തി എന്നതിലും ദുരൂഹതയുണ്ട്. കത്തില്‍ നിരവധി സി.പി.എം. നേതാക്കളുടെ പേരുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഈ വിഷയത്തില്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും മറുപടി പറയണമെന്നും, എന്താണ് ഇതിന്റെ മറുവശം എന്ന് അവര്‍ പറയട്ടെയെന്നും വി.ഡി. സതീശന് ആവശ്യപ്പെട്ടു. കൂടാതെ, മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് കോടതിയുടെ ഭാഗത്തുനിന്ന് ഗുരുതരമായ പരാമര്‍ശമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പോലീസ് സംവിധാനത്തെ പിന്നില്‍ നിന്ന് നിയന്ത്രിക്കുന്ന ഒരു അദൃശ്യ ശക്തിയുണ്ടെന്നും, എം.ആര്. അജിത് കുമാറിനെ വഴിവിട്ട് സഹായിക്കാന്‍ ഈ ശക്തിയാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.