രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കാന്‍ സിപിഎം ഇനിയെങ്കിലും തയാറാകണം : മുല്ലപ്പള്ളി രാമചന്ദ്രന്‍

 

തിരുവനന്തപുരം : മൻസൂർ വധക്കേസ് പ്രതി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തില്‍ കൃത്യമായ അന്വേഷണം നടക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഭരണത്തിലിരുന്ന അഞ്ച് വർഷവും മറ്റൊന്നും ചെയ്യാന്‍ കഴിയാഞ്ഞ മുഖ്യമന്ത്രി രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കാന്‍ അണികള്‍ക്ക് നിർദേശം നല്‍കാനെങ്കിലും തയാറാകണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

മന്‍സൂർ വധക്കേസ് പ്രതിയുടെ മരണത്തിൽ ജനങ്ങൾക്കിടയിൽ സംശയമുണ്ട്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് അന്വേഷിക്കണം. രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അന്ത്യം വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രാഷ്ട്രീയ കൊലപാതകങ്ങളില്‍ കണ്ണൂർ അപമാനഭാരത്തോടെയാണ് നിൽക്കുന്നത്. ഇനിയെങ്കിലും മുഖ്യമന്ത്രി തീരുമാനം പറയണം. സ്വന്തം പാർട്ടിയുടെ ഭാഗത്തുനിന്ന് ഇനി ആയുധമെടുക്കില്ലെന്ന് പറയാനുള്ള ആർജവം മുഖ്യമന്ത്രി കാട്ടണം. ചന്ദ്രശേഖരനെയും ഷുഹൈബിനെയും ഷുക്കൂറിനെയും വധിച്ച രാഷ്ട്രീയം ഇനി സിപിഎമ്മിന്‍റെ ഭാഗത്തുനിന്നുണ്ടാവില്ല എന്ന പ്രഖ്യാപനം മുഖ്യമന്ത്രി നടത്തണം. സാധാരണ പ്രവർത്തകർക്ക് കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ നേതൃത്വം അനുവദിക്കുന്നില്ല. സമസ്ത മേഖലയിലും പരാജയപ്പെട്ട ഒരു സർക്കാരിന്‍റെ പരാജയപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. മറ്റൊന്നും ചെയ്യാന്‍ ഇതുവരെ ഈ സർക്കാരിന് കഴിഞ്ഞിട്ടില്ല. രാഷ്ട്രീയ കൊലപാതങ്ങള്‍ അവസാനിപ്പിക്കണമെന്ന് സ്വന്തം അണികള്‍ക്ക് നിർദേശം നല്‍കാനെങ്കിലും പിണറായി തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പിൽ ജനം യുഡിഎഫിനെ ഏറ്റെടുത്തു. മിന്നിത്തിളങ്ങുന്ന ജയം യുഡിഎഫിനുണ്ടാകും. സംശുദ്ധവും കാര്യക്ഷമവും അഴിമതിരഹിതവുമായ ഒരു ഭരണം ജനങ്ങള്‍ക്ക് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

https://www.facebook.com/JaihindNewsChannel/videos/310327047439838

Comments (0)
Add Comment