പഞ്ചായത്ത്‌ ഭരണം നിലനിർത്താൻ പോക്സോ കേസ് പ്രതികളെ സംരക്ഷിച്ച് സിപിഎം ; പ്രതിഷേധം

Jaihind Webdesk
Monday, April 26, 2021

തിരുവനന്തപുരം : നാവായിക്കുളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ സിപിഎം പ്രവർത്തകരെ സംരക്ഷിച്ച് പാർട്ടി നേതൃത്വം. നാവായിക്കുളം പഞ്ചായത്ത് അംഗം സഫറുള്ളയും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം സമീറുമാണ് പോക്സോ കേസില്‍ അറസ്റ്റിലായത്. നടപടി സ്വീകരിച്ചാല്‍ ഒരു സീറ്റിന്‍റെ മാത്രം ഭൂരിപക്ഷമുള്ള പഞ്ചായത്ത് ഭരണം സിപിഎമ്മിന് നഷ്ടമാകുന്ന സാഹചര്യമാണുള്ളത്.

കേസിലെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം നേതൃത്വം സ്വീകരിക്കുന്നത്. 13 വയസുള്ള പെൺകുട്ടിയെ നിരന്തരം പീഡിപ്പിക്കുകയും സുഹൃത്തിന് പീഡനത്തിനുള്ള അവസരമൊരുക്കുകയും ചെയ്ത ഗുരുതരമായ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടും സിപിഎം പ്രതികള്‍ക്ക് സംരക്ഷണമൊരുക്കുന്നത് അധികാരത്തിൽ തുടരുവാനുള്ള ഗതികേട് ആണെന്നാണ് ആക്ഷേപം. നിലവിൽ നാവായിക്കുളം പഞ്ചായത്തിൽ ഒരു സീറ്റിന്‍റെ ഭൂരിപക്ഷത്തിലാണ് സിപിഎം ഭരണത്തിലുള്ളത്. ഈ സാഹചര്യത്തിൽ ഒരു അംഗത്തെ പുറത്താക്കിയാൽ ഭരണം നഷ്ടപ്പെടുമോ എന്ന് സിപിഎം ഭയപ്പെടുന്നു.

ആറു മാസങ്ങൾക്ക് മുമ്പ് കുട്ടിയെ ചികിത്സിച്ച ഡോക്ടർ പരാതിപ്പെട്ടിട്ടും പൊലീസ് അന്ന് കേസെടുക്കാൻ തയാറായിരുന്നില്ല.  തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കേസ് പോലീസ് മനപൂർവം മറച്ചു വെച്ചതിൽ ഉന്നതതല അന്വേഷണം വേണമെന്നും ആവശ്യമുണ്ട്. പഞ്ചായത്ത് അംഗത്തെ പുറത്താക്കണമെന്നും പെൺകുട്ടിയുടെ വീട്ടുകാർക്ക് സംരക്ഷണം ഒരുക്കണമെന്നും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് സമീപം പ്രതിഷേധം സംഘടിപ്പിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ പറയുന്ന സിപിഎം തന്നെ ഇത്തരം നിരവധി  കേസുകളിലാണ് പ്രതിസ്ഥാനത്തുള്ളത്. സിപിഎമ്മിന്‍റെ കപടമുഖം വ്യക്തമാകുന്ന മറ്റൊരു സംഭവമാണിത്.