ക്ഷേമ പദ്ധതികളും ഭരണനേട്ടങ്ങളും വോട്ടർമാരിൽ വിലപ്പോയില്ല; പരാജയകാരണങ്ങൾ വിലയിരുത്താന്‍ സിപിഐഎം നേതൃയോഗങ്ങൾ

Jaihind News Bureau
Monday, December 15, 2025

തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടി വിശദമായി വിലയിരുത്തുന്നതിനായി സിപിഎം- സിപിഐ നേതൃയോഗങ്ങൾ ഇന്ന് ചേരും. സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങളും സി.പി.ഐ.യുടെ സംസ്ഥാന സെക്രട്ടറിയേറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങളുമാണ് ഇന്ന് നടക്കുക. തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച വിശദമായ ചർച്ചകളാണ് യോഗങ്ങളുടെ പ്രധാന അജണ്ട.

തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നിലെ പ്രധാന കാരണങ്ങളെക്കുറിച്ച് ഇരുവിഭാഗങ്ങളിലും പ്രാഥമിക വിലയിരുത്തലുകൾ നടന്നിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷത്തെ ഭരണനേട്ടങ്ങളും വികസന-ക്ഷേമ പദ്ധതികളും വോട്ടർമാരിൽ വേണ്ടത്ര സ്വാധീനം ചെലുത്തിയില്ലെന്നാണ് പ്രധാന കണ്ടെത്തൽ. കൂടാതെ, സംസ്ഥാനത്ത് നിലനിന്ന ഭരണവിരുദ്ധ വികാരം തിരിച്ചടിക്ക് കാരണമായി.

തിരിച്ചടിക്ക് വഴിവെച്ച മറ്റ് സുപ്രധാന വിഷയങ്ങളും പാർട്ടികൾ വിലയിരുത്തുന്നു. ശബരിമല വിഷയത്തിലെ നിലപാടുകൾ, സ്വർണക്കടത്ത് ആരോപണങ്ങൾ, ആഗോള അയ്യപ്പസംഗമം എന്നിവയെല്ലാം ഭരണവിരുദ്ധ വികാരം ശക്തമാക്കാൻ കാരണമായതായി വിലയിരുത്തപ്പെടുന്നു. ഇതിനുപുറമെ, പി.എം. ശ്രീ പോലുള്ള കേന്ദ്ര പദ്ധതികളെക്കുറിച്ചുള്ള നിലപാടുകളും, മുന്നണിയിലെ ഐക്യമില്ലായ്മയും, താഴെത്തലത്തിലുള്ള സംഘടനാ ദൗർബല്യങ്ങളും തിരഞ്ഞെടുപ്പ് ഫലത്തെ പ്രതികൂലമായി ബാധിച്ചതായി സി.പി.എമ്മും സി.പി.ഐയും നിഗമനത്തിലെത്തിയിട്ടുണ്ട്.