സിപിഎം നേതൃത്വത്തെ പ്രതിസന്ധിയിലാക്കി അലന്‍റെ താഹയുടെയും ജാമ്യം

Jaihind News Bureau
Friday, September 11, 2020

മാവോയിസ്റ്റ് ബന്ധത്തിന്‍റെ പേരിൽ യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റിലായ അലനും താഹയും ജാമ്യം ലഭിച്ചു മടങ്ങിവരുമ്പോൾ പ്രതിസന്ധിയിലാക്കുന്നത് സിപിഎം നേതൃത്വമാണ്. ഇരുവരെയും തള്ളിപ്പറഞ്ഞ മുഖ്യമന്ത്രിയും, പിന്തുണച്ച ജില്ലാ നേതൃത്വവും അലൻ താഹ വിഷയത്തിൽ എന്ത് നിലപാട് എടുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

സിപിഎമ്മിലെ അഭിപ്രായവ്യത്യാസം മറനീക്കി പുറത്തുവന്നത് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട അലൻ താഹ വിഷയത്തെ ഏറെ വിവാദമാക്കി. കോഴിക്കോട് സ്വദേശികളും എസ്എഫ്ഐ പ്രവർത്തകരുമായ അലനെയും താഹയേയും യുഎപിഎ നിയമം ചുമത്തി പിണറായി സർക്കാർ എൻഐഎക്ക് കൈമാറിയ ശേഷം, 10 മാസം ജയിൽവാസം അനുഭവിച്ചാണ് ഇരുവരും ജാമ്യം ലഭിച്ച് തിരിച്ചുവരുന്നത്. എന്നാൽ ഈ തിരിച്ചുവരവ് ഏറെ പ്രതിസന്ധിയിലാക്കുന്നത് സിപിഎം നേതൃത്വത്തെ യാണ്. അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെ എന്ന് ആവർത്തിച്ച് പറഞ്ഞ മുഖ്യമന്ത്രിയും നിയമസഹായം ഉള്‍പ്പെടെ നല്‍കാന്‍ തയ്യാറായ ജില്ലാ നേതൃത്വവും എന്ത് നിലപാട് എടുക്കും എന്നാണ് പാർട്ടി അണികൾ ഉൾപ്പെടെ ഉറ്റുനോക്കുന്നത്. ഒരു തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്നതുകൊണ്ടുതന്നെ സിപിഎമ്മിനെ നിലപാടിന് പ്രസക്തി ഏറെയാണ്. എസ്എഫ്ഐ കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി അംഗമായിരുന്ന തിരുവണ്ണൂര്‍ സ്വദേശി അലന്‍ ഷുഹൈബ്. പന്തിരങ്കാവ് സ്വദേശി താഹ ഫസലും സജീവ സിപിഎം പ്രവര്‍ത്തകനായിരുന്നു. ഇരുവരെയും ചേർത്തുനിർത്താൻ സിപിഎം ജില്ലാനേതൃത്വം ശ്രമിച്ചപ്പോഴും ഇവർ പാർട്ടിക്കാരെ അല്ല എന്ന ഉറച്ച നിലപാടിലായിരുന്നു മുഖ്യമന്ത്രി. പ്രാദേശിക ഘടകങ്ങളാവട്ടെ ഇപ്പോഴും ഇവരോടുള്ള മൃദുസമീപനം തുടരുകയുമാണ്. വരുംദിവസങ്ങളിൽ അലൻ താഹ വിഷയത്തിൽ പാർട്ടി നേതൃത്വത്തിന്റെ നിലപാട് തന്നെയാകും ചർച്ചയാവുക.

teevandi enkile ennodu para