പത്തനംതിട്ടയില്‍ സിപിഎം നേതാവിന്‍റെ ഗുണ്ടാവിളയാട്ടം; നാട്ടുകാര്‍ക്ക് മർദ്ദനം, പോലീസുകാർക്ക് നേരെയും കയ്യേറ്റം

Jaihind Webdesk
Monday, September 26, 2022

പത്തനംതിട്ട: കലഞ്ഞൂരിൽ സിപിഎം നേതാവിൻ്റെ ഗുണ്ടാ വിളയാട്ടം. സിപിഎം കലഞ്ഞൂർ ഇടത്തറ ബ്രാഞ്ച് സെക്രട്ടറി കൊട്ടന്ത രാജീവ് ആണ് മദ്യപിച്ച് വഴിയാത്രക്കാരെയും പോലീസുകാരെയും കൈയേറ്റം ചെയ്തത്.

തിരുവനന്തപുരം എയർപോർട്ടിൽ നിന്നും കോന്നിയിലേക്ക് വരികയായിരുന്ന കുടുംബത്തെയാണ് രാജീവ് ആദ്യം ആക്രമിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ രാജീവിൻ്റെ കാറിനെ ഓവർ ടേക്ക് ചെയ്തതിനെ തുടർന്ന് പിൻതുടർന്നെത്തി ഇടത്തറ ജംഷനിൽ തടഞ്ഞ് നിർത്തുകയും സ്ത്രീകളടക്കമുള്ള യാത്രക്കാരെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൂടൽ പോലീസ് സ്ഥലത്തെത്തി പരിക്കേറ്റ കാർ യാത്രികരെ ആശുപത്രിയിൽ എത്തിച്ചു.

തുടർന്ന് ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചതോടെ താൻ സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണെന്ന് ആക്രോശിക്കുകയും പോലീസുകാരെയും ആക്രമിക്കുകയുമായിരുന്നു. പിന്നീട് കൂടൽ സ്റ്റേഷനിൽ നിന്നും കൂടുതൽ പോലീസുകാരെത്തിയാണ് ഇയാളെ കസ്‌റ്റഡിയിലെടുത്തത്.