‘കൈ മാത്രമല്ല കാലും വെട്ടും’ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ ഭീഷണി തുടർന്ന് സിപിഎം നേതാക്കൾ

Jaihind Webdesk
Monday, June 10, 2024

 

പത്തനംതിട്ട: വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ ഭീഷണി തുടർന്ന് സിപിഎം നേതാക്കൾ. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കാല് മാത്രമല്ല കൈയ്യും വെട്ടാന്‍ അറിയാമെന്ന് സിപിഎം പെരുനാട് ഏരിയ കമ്മിറ്റി അംഗം ജെയ്സൺ സാജൻ ജോസഫ് പറഞ്ഞു. വനംവകുപ്പിനെതിരെ പത്തനംതിട്ട കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് സിപിഎം ലോക്കൽ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിനിടെയാണ് പ്രകോപന പ്രസംഗം. ജനകീയ ജനാധിപത്യ വിപ്ലവം മാത്രമല്ല സായുധസമരവും തങ്ങൾക്ക് അറിയാമെന്ന് ജെയ്സൺ ഭീഷണി മുഴക്കി.

മുമ്പ് കെഎസ്‌യുക്കാരിയായ ദലിത് നിയമ വിദ്യാർത്ഥിനിയെ മർദ്ദിച്ച കേസിൽ പ്രതിയായിരുന്നയാളാണ് ജെയ്സൺ. അന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യാതിരുന്നതിനെ തുടർന്ന് ഹൈക്കോടതി ഇടപെടലിലാണ് അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായത്.
വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ സിപിഎം നേതാക്കൾ നിരന്തരമായി നടത്തുന്ന ആക്രമണത്തിലും ഭീഷണിയേയും തുടർന്ന് അടവി ഇക്കോ ടൂറിസം അടച്ചിടുവാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ തീരുമാനിച്ചിരുന്നു. എന്നാൽ ഇത് സിപിഎമ്മിന് നാണക്കേടാകുമെന്ന് കണ്ട് ഉന്നത ഉദ്യോഗസ്ഥ ഇടപെടലിലാണ് ഉപേക്ഷിച്ചത്. പ്രശ്നം പരിഹരിക്കുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകുമെന്നും അറിയിച്ചെങ്കിലും പ്രാദേശിക സിപിഎം നേതാക്കൾ കൈയ്യും കാലും വെട്ടൽ ഭീഷണി തുടരുകയാണ്. സിപിഎം ജില്ലാ നേതാക്കൾ ഇതിന് എല്ലാ പ്രോത്സാഹനവും നൽകുന്നു.