
സിപിഎം നേതാക്കളുടെ വിവാദ പ്രസ്താവനകൾ പാർട്ടിയെ കടുത്ത പ്രതിരോധത്തിലാക്കിയ സാഹചര്യത്തിൽ, നേതാക്കൾക്ക് കർശന മുന്നറിയിപ്പുമായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതാക്കളുടെ നാവുപിഴകൾ വോട്ടുകളെ ബാധിക്കുമെന്ന ഭയത്തിലാണ് പാർട്ടി നേതൃത്വം.
മന്ത്രി സജി ചെറിയാൻ, മുതിർന്ന നേതാവ് എ.കെ. ബാലൻ എന്നിവരുടെ വിദ്വേഷ പ്രസ്താവനകൾ പാർട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കിയതായി സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തി. തിരഞ്ഞെടുപ്പ് ഗോദയിൽ നിൽക്കുമ്പോൾ ഇത്തരം പ്രസ്താവനകൾ പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയെന്നാണ് ഉയരുന്ന വിമർശനം. പാർട്ടിയുടെ പ്രഖ്യാപിത നിലപാടുകൾക്ക് വിരുദ്ധമായി സംസാരിക്കുന്നവരെ തള്ളിക്കളയുമെന്നും നേതാക്കൾ ഇനിമേൽ വിവാദങ്ങളിൽപ്പെടാതെ ‘നാവടക്കണമെന്നും’ എം.വി. ഗോവിന്ദൻ കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി.
മലപ്പുറത്തെയും കാസർകോട്ടെയും ജനപ്രതിനിധികളുടെ പേരിൽ മതം തിരഞ്ഞ സജി ചെറിയാന്റെ വിദ്വേഷ പരാമർശം വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കിയത്. മുസ്ലിം സംഘടനകൾ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് മന്ത്രിക്ക് ഖേദം പ്രകടിപ്പിക്കേണ്ടി വന്നത്. എന്നാൽ പറഞ്ഞതിൽ തെറ്റുണ്ടെന്ന് സമ്മതിക്കാൻ മന്ത്രി ഇന്നും തയ്യാറായിട്ടില്ല. സമാനമായി, എ.കെ. ബാലൻ നടത്തിയ ‘മാറാട്’ പ്രസ്താവനയും പാർട്ടിയെ വെട്ടിലാക്കി. ബാലൻ വായ തുറന്നാൽ പാർട്ടിയുടെ വോട്ട് ചോരുമെന്നും തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കരുതെന്നും പാലക്കാട് ജില്ലാ കമ്മിറ്റിയിൽ നിന്നുപോലും പരിഹാസമുയർന്നു.