ബസ് യാത്ര തടസപ്പെടുത്തി സിപിഎം നേതാവിന്‍റെ പരാക്രമം; ചോദ്യം ചെയ്ത കെഎസ്ആർടിസി ബസ് ഡ്രൈവർക്കും പോലീസിനും മർദ്ദനം; കേസ് ഒതുക്കാന്‍ സമ്മർദ്ദം

Monday, December 4, 2023

ആലപ്പുഴ: അമ്പലപ്പുഴയിൽ രാത്രിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്‍റെ യാത്ര തടസപ്പെടുത്തി സിപിഎം പ്രാദേശിക നേതാവിന്‍റെ കാർ യാത്ര. നടപടി ചോദ്യം ചെയ്ത സ്വിഫ്റ്റ് ബസ് ഡ്രൈവറെ മർദ്ദിച്ചു. സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി അംഗം പ്രശാന്ത് കുട്ടിയാണ് ഡ്രൈവറെ മർദ്ദിച്ചത്.

ദേശീയ പാതയിൽ ആലപ്പുഴ പറവൂർ മുതൽ ബസിന്‍റെ യാത്ര തടസപ്പെടുത്തി കാർ ഓടിക്കുകയായിരുന്നു. ഇയാൾ വിളിച്ചു വരുത്തിയതനുസരിച്ച് അജ്മൽ എന്ന സിപിഎം പ്രവർത്തകനും കൂട്ടാളികളും എത്തി. തടയാൻ ശ്രമിച്ച പോലീസുകാരനെയും ഇവർ കൈയേറ്റം ചെയ്തു.

യാത്ര തടസപ്പെട്ടതോടെ യാത്രക്കാരെ മറ്റു ബസുകളിൽ കയറ്റിവിട്ടു.  അതേസമയം പരാതിയിൽ കേസെടുത്തത് ദുർബല വകുപ്പുകൾ പ്രകാരമാണ്. കേസ് ഒത്തുതീർക്കാൻ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്നും ആക്ഷേപമുണ്ട്.