Sreeja Death | ശ്രീജയുടെ മരണത്തിനു പിന്നില്‍ സിപിഎം നേതാക്കള്‍ ; ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ജെബി മേത്തര്‍ എംപി

Jaihind News Bureau
Tuesday, August 26, 2025

ആര്യനാട് : ആര്യനാട് പഞ്ചായത്ത് അംഗവും മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ ശ്രീജയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ സിപിഎം നേതാക്കളാണെന്നും അവര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപി ആവശ്യപ്പെട്ടു.

കഴിഞ്ഞ കുറച്ചു നാളുകളായി സി.പി.എം പഞ്ചായത്ത് അംഗങ്ങളും പ്രാദേശിക നേതൃത്വവും ഇവരെ വേട്ടയാടി കൊണ്ടിരിക്കുകയായിരുന്നു. തിങ്കളാഴ്ച സി പി എം പ്രവര്‍ത്തകര്‍ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ ശ്രീജയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയുണ്ടായി. കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനില്‍ നാനൂറ് വോട്ടിലേറെ ഭൂരിപക്ഷം നേടിയാണ് ജയിച്ചത്. പഞ്ചായത്തിലും സി.ഡി.എസ് സമിതികളിലും സി.പി.എം നടത്തിയ ക്രമക്കേടുകള്‍ ശ്രീജ ജനമദ്ധ്യത്തില്‍ കൊണ്ടുവന്നത് മുതല്‍ അവരെ പലവിധത്തില്‍ പീഡിപ്പിക്കുകയായിരുന്നെന്നും ജെബി മേത്തര്‍ പ്രസ്താവനയില്‍ പറഞ്ഞു.