‘പരനാറി,കുലംകുത്തി,നികൃഷ്ടജീവി, അഭിസാരിക, മറ്റേ പണി…’; അധിക്ഷേപ വാക്കുകള്‍ സിപിഎമ്മിനെ തിരിഞ്ഞുകൊത്തുമ്പോള്‍

Jaihind Webdesk
Sunday, June 21, 2020

 

ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ വിമർശനത്തിന്‍റെ പേരിൽ വിവാദം ശക്തമാകുമ്പോൾ മുഖ്യമന്ത്രിയും സിപിഎം നേതാക്കളും പല ഘട്ടങ്ങളിലായി നടത്തിയ അധിക്ഷേപ വാക്കുകളും വിവാദ പരാമർശങ്ങളും വീണ്ടും ചർച്ചയാകുന്നു. സ്ത്രീത്വത്തെയും പൊതു പ്രവർത്തകരെയുമടക്കം അപമാനിക്കുന്ന തരത്തിലുള്ള അധിക്ഷേപ വാക്കുകളും പരാമർശങ്ങളുമാണ് കഴിഞ്ഞ കാലങ്ങളിൽ സി.പി.എം നേതാക്കൾ നടത്തിയിട്ടുള്ളത്.

അധിക്ഷേപ വാക്കുകൾ ചൊരിഞ്ഞതിൻ മുൻപന്തിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. ഇടതു മുന്നണി വിട്ടതിന്‍റെ പേരിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി യെ അന്ന് പിണറായി വിജയൻ വിശേഷിപ്പിച്ചത് ‘പരനാറി’ എന്നായിരുന്നു. കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരനെ ‘കുലംകുത്തി’ എന്നാണ് അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ വിളിച്ചത്.

മുതിർന്ന സി പി .എം നേതാവ് വി.എസ് അച്യുതാനന്ദനും സ്ത്രീകൾ അടക്കമുള്ളവരെ പല തവണ അധിഷേപിച്ചു. തെരഞ്ഞെടുപ്പ് വേളയിൽ എതിർ സ്ഥാനാർത്ഥിയായിരുന്ന ലതികാ സുഭാഷിനെ ‘അഭിസാരിക’ എന്നാണ് വി എസ് വിശേഷിപ്പിച്ചത്.

മന്ത്രി എം.എം മണിയും പല തവണ സ്ത്രീത്വത്തെ അപമാനിച്ചു. വനിതാ പ്രിന്‍സിപ്പാൾ കതക് അടച്ചിട്ട് മറ്റേ പണി നടത്തുന്നുവെന്ന പറഞ്ഞ മന്ത്രി പെൺപിളെ ഒരുമ നേതാവ് ഗോമതിക്കെതിരെയും അധിക്ഷേപം ചൊരിഞ്ഞു. പാർലമെന്‍റ്  തെരഞ്ഞെടുപ്പ് വേളയിൽ കുഞ്ഞാലിക്കുട്ടിയെ സന്ദർശിക്കാൻ പോയ ആലത്തൂർ എം.പി രമ്യാ ഹരിദാസിനെ അപഹസിച്ച എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവന്‍റെ വിവാദ പരാമര്‍ശ വും കേരളം മറന്നിട്ടില്ല.

തെരഞ്ഞെടുപ്പ് വേളയിൽ ഷാനിമോൾ ഉസ്മാനെതിരെ മന്ത്രി ജി.സുധാകരൻ നടത്തിയ പൂതന പരാമർശവും വലിയ വിവാദങ്ങൾക്ക് കാരണമായി. മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ശക്തമായ വിമർശനമുമായി സി പി എം രംഗത്തെത്തുമ്പോൾ അവരുടെ തന്നെ നേതാക്കളുടെ വിവാദ പരാമർശങ്ങൾ തിരിഞ്ഞു കൊത്തുകയാണ്. സൈബർ ഇടത്തിലടക്കം ഇതിനെതിരെ പ്രതിരോധം തീർക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ സി പി.എം നേതാക്കളും പ്രവർത്തകരും.