വനിതാ പ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച സിപിഎം നേതാവ് ‘യോഗ്യന്‍’; പരാതിപ്പെട്ടവർക്കെതിരെ അച്ചടക്ക നടപടി

Jaihind Webdesk
Thursday, June 9, 2022

 

കണ്ണൂർ: ഡിവൈഎഫ്ഐ വനിതാ നേതാവിന് അശ്ലീല സന്ദേശമയച്ച സിപിഎം നേതാവിനെതിരെ പരാതിപ്പെട്ടതിന് ഏഴ് സിപിഎം നേതാക്കൾക്കെതിരെ അച്ചടക്കനടപടി . സ്വഭാവദൂഷ്യത്തിന്‍റെ പേരിൽ പാർട്ടി നടപടി എടുത്ത കാങ്കോൽ ആലപ്പടമ്പ്
പഞ്ചായത്ത് പ്രസിഡന്‍റ് എം.വി സുനിൽകുമാറിനെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടവർക്ക് എതിരെയാണ് പാർട്ടി നടപടി എടുത്തത്. മൂന്ന് ലോക്കൽ കമ്മറ്റി അംഗങ്ങൾ, മൂന്ന് മുൻ ലോക്കൽ കമ്മറ്റി അംഗങ്ങൾ, രണ്ട് പാർട്ടി അംഗങ്ങൾ എന്നിവർക്കെതിരെയാണ് നടപടി.

സ്വഭാവദൂഷ്യ പരാതിയെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എം.വി സുനിൽകുമാറിനെ പാർട്ടിയിൽ തരംതാഴ്ത്തിയിരുന്നു. എന്നാൽ സുനിൽകുമാറിനെ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യം പാർട്ടിയിൽ ഉന്നയിച്ചവർക്കെതിരെയാണ് സിപിഎം നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രസിഡന്‍റിനെതിരെ പരാതി നൽകിയ വനിതാ പ്രവർത്തകയെ പിന്തുണച്ചവരാണ് ഇവർ എല്ലാവരും

ആലപ്പടമ്പ് വെസ്റ്റ് ലോക്കൽ കമ്മിറ്റിയാണ് നടപടി എടുത്തത്. ലോക്കൽ കമ്മിറ്റി അംഗം പി ഗോപിനാഥിനെയാണ് പുറത്താക്കിയത്. ലോക്കൽ കമ്മിറ്റി അംഗങ്ങളായ ജയകുമാർ, കെ പി കമലാക്ഷൻ, പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ് കെ.എം ബാലകേശവൻ എന്നിവർക്ക് താക്കീത് നൽകും. ലോക്കൽ കമ്മിറ്റി അംഗങ്ങളായ സി ലക്ഷ്മണൻ, സി ദിവാകരൻ, പി കൃഷ്ണൻ എന്നിവരെ ആറു മാസത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യാനും തീരുമാനിച്ചു. പഞ്ചായത്ത് അംഗത്തിന്‍റെ ഭർത്താവ് ആണ് സി ദിവാകരൻ. പ്രസിഡന്‍റിനെതിരെ പരാതി നൽകിയ വനിതാ പ്രവർത്തകയെ പിന്തുണച്ചവരാണ് ഇപ്പോൾ നടപടിക്ക് വിധേയരായവർ.

പ്രസിഡന്‍റിന് എതിരായ വിഷയങ്ങൾ വിവാദമാക്കാൻ ഗൂഢാലോചന നടത്തി എന്നതാണ് ഇവർക്കെതിരെയുള്ള ആരോപണം. പരാതിയുമായി ബന്ധപ്പെട്ട് കൂടുതൽ നേതാകൾക്കും പ്രവർത്തകർക്കുമെതിരെയും വരും ദിവസങ്ങളിൽ നടപടി വന്നേക്കും.
പാർട്ടി പ്രവർത്തകയായ സ്ത്രീയോട് മോശമായി പെരുമാറിയ പഞ്ചായത്ത് പ്രസിഡന്‍റിനെ മാറ്റാതെ പരാതിക്കാരിക്ക് ഒപ്പം നിന്നവർക്കെതിരെ നപടി എടുത്തത് സിപിഎം പ്രവർത്തകർക്ക് ഇടയിൽ പ്രതിഷേധത്തിന് വഴിയൊരുക്കിയിട്ടുണ്ട്.