കരുവന്നൂരില്‍ സിപിഎം നേതാവ് പി.കെ. ബിജുവിനും കുരുക്ക്; ബിനാമി ഇടപാടുകാരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന് എന്‍ഫോഴ്സ്മെന്‍റ്

Jaihind Webdesk
Friday, September 8, 2023

 

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎം നേതാവും മുൻ എംപിയുമായ പി.കെ. ബിജു കുരുക്കിലേക്ക്. അറസ്റ്റിലായ ബിനാമി ഇടപാടുകാരൻ സതീഷ് കുമാറിൽ നിന്ന് മുൻ എംപിയും പോലീസ് ഉദ്യോഗസ്ഥരുമടക്കം പണം കൈപ്പറ്റിയതിന് തെളിവുണ്ടെന്ന് ഇഡി പ്രത്യേക കോടതിയെ അറിയിച്ചു. കരുവന്നൂരിലെ രണ്ടാമൻ പി.കെ. ബിജുവെന്ന് അനിൽ അക്കര ഫേസ് ബുക്കിൽ കുറിച്ചു.

കരുവന്നൂർ തട്ടിപ്പ് കേസിൽ സിപിഎമ്മിന് റിപ്പോർട്ട് നൽകിയ പി.കെ. ബിജു വേലി തന്നെ വിളവ് തിന്നുവെന്നാണ് അനിൽ അക്കരയുടെ ആരോപണം. അതിനിടെയാണ് കള്ളപ്പണക്കേസിൽ മുൻ എംപിക്കെതിരെ സുപ്രധാന വെളിപ്പെടുത്തലുമായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രംഗത്തെത്തിയത്. അറസ്റ്റിലായ ബിനാമി ഇടപാടുകാരൻ സതീഷ് കുമാറിൽ നിന്ന് മുൻ എംപിയും പോലീസ് ഉദ്യോഗസ്ഥരുമടക്കം പണം കൈപ്പറ്റിയതിന് തെളിവുണ്ടെന്ന് ഇഡി പ്രത്യേക കോടതിയെ അറിയിച്ചു. തട്ടിപ്പ് പുറത്തുവരാതിരിക്കാൻ സാക്ഷികളെ രാഷ്ട്രീയ നേതാക്കൾ ഭീഷണിപ്പെടുത്തുന്നതായും ഇഡി പറയുന്നു.

ബിനാമി ലോണിലൂടെ പി.പി. കിരൺ തട്ടിയെടുത്ത 24 കോടി രൂപയിൽ 14 കോടി രൂപ കേസിലെ ഒന്നാം പ്രതി സതീഷ് കുമാറിന് കൈമാറിയിരുന്നു. ഈ പണം എവിടെയൊക്കെ ചെലഴിച്ചു എന്ന അന്വേഷണത്തിലാണ് ഇഡി സുപ്രധാന കണ്ടെത്തതുകൾ നടത്തിയത്. സതീഷ് കുമാറിന്‍റെ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോൾ മുൻ എംപിക്ക് പണം കൈമാറിയതിന്‍റെ ഫോൺ സംഭാഷണം ലഭിച്ചിരുന്നു. ഈ സംഭാഷണം തന്‍റേതാണെന്ന് സതീഷ് സമ്മതിച്ചിട്ടുണ്ട്. രണ്ട് പേർക്ക് 5 കോടിരൂപ സതീഷ് കുമാർ പണമായി നൽകുന്നത് കണ്ടെന്നതിന് സാക്ഷിമൊഴിയുണ്ട്.

സതീഷ് കുമാറിന് എ.സി. മൊയ്തീൻ അടക്കം ഉന്നത രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ട്. തട്ടിപ്പിലെ വിവരങ്ങൾ പുറത്തുവരാതിരിക്കാൻ സാക്ഷികൾക്ക് ഉന്നത രീഷ്ട്രീയ ഭീഷണിയുണ്ടെന്നും ഇക്കാര്യത്തിൽ ചില സാക്ഷികൾ പരാതി നൽകിയതായും ഇഡി പ്രത്യേക കോടതിയെ അറിയിച്ചു. 400 കോടി രൂപയുടെ ആസ്തിയുണ്ടായിരുന്ന കരുവന്നൂർ ബാങ്കിൽ 2012 മുതലാണ് ബിനാമി ലോൺ അടക്കമുള്ള തട്ടിപ്പുകൾ തുടങ്ങുന്നതെന്നും കേസിൽ വിശദ അന്വേഷണം തുടരുകയാണെന്നും ഇഡി വ്യക്തമാക്കുന്നു.