
കണ്ണൂര്‍: പൊലീസിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട പയ്യന്നൂരിലെ സിപിഎം നേതാവ് വി.കെ. നിഷാദിന് വീണ്ടും പരോള്‍ അനുവദിച്ചു. ഒരു മാസത്തെ പരോള്‍ കഴിഞ്ഞ് ജയിലില്‍ തിരിച്ചെത്തി വെറും മൂന്നാഴ്ച പിന്നിടുമ്പോഴാണ് നിഷാദ് വീണ്ടും പുറത്തിറങ്ങുന്നത്.
നേരത്തെ നിഷാദ് സമര്‍പ്പിച്ച പരോള്‍ അപേക്ഷ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് തള്ളിയിരുന്നു. ഇതിനെതിരെ നിഷാദ് ഹൈക്കോടതിയെ സമീപിക്കുകയും അനുകൂലമായ ഉത്തരവ് നേടിയെടുക്കുകയുമായിരുന്നു. പിതാവിന്റെ അസുഖം ചൂണ്ടിക്കാട്ടിയാണ് ഇത്തവണയും പരോള്‍ അനുവദിച്ചിരിക്കുന്നത്. നേരത്തെയും ഇതേ കാരണം പറഞ്ഞ് നിഷാദ് പരോളിലിറങ്ങിയിരുന്നു.
പയ്യന്നൂരില്‍ പൊലീസിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് വി.കെ. നിഷാദ്. ഇക്കഴിഞ്ഞ നവംബര്‍ 25-നാണ് കേസില്‍ നിഷാദിനെയും കൂട്ടുപ്രതിയായ ടി.സി.വി. നന്ദകുമാറിനെയും കോടതി 20 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചത്. നിലവില്‍ നന്ദകുമാറും പരോളിലാണ് കഴിയുന്നത്.